Skip to main content

ദുരന്തനിവാരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം : ബാലാവകാശ കമ്മിഷൻ

ദുരന്തനിവാരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ പറഞ്ഞു. ദുരന്തമുഖങ്ങളിൽ കുട്ടികൾ നേരിടുന്ന പ്രതിസന്ധികളും ശിശു കേന്ദ്രീകൃത ദുരന്തനിവാരണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചനായോഗത്തിൽ അധ്യഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖങ്ങളിൽ കുട്ടികൾ ഏറെ ദുർബലരാണ്. അവർക്ക് പ്രത്യേക ശ്രദ്ധയും സംരക്ഷണവും  ഉറപ്പാക്കണം. ദുരന്തങ്ങൾ വരുംതലമുറ എങ്ങനെ നേരിടണം എന്നതിന് ഗൗരവതരമായ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തങ്ങൾ സ്ത്രീകളെയും കുട്ടികളെയും വളരെയധികം ബാധിക്കുന്നതായി യോഗത്തിൽ മുഖ്യ പ്രഭാഷണം  നടത്തിയ ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ അഭിപ്രായപ്പെട്ടു. ദുരന്ത ഭീതിയിൽ  ദുരിതാശ്വാസ ക്യാമ്പുകളിലുൾപ്പെടെ കഴിയുന്ന കുട്ടികളുടെ ആരോഗ്യം, പഠനം, വിനോദം, സുരക്ഷ  മുതലായ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത യോഗം ചർച്ചചെയ്തു. സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന യോഗത്തിൽ കമ്മിഷൻ അംഗം മോഹൻകുമാർ സ്വാഗതവും ഡോ.എഫ്.വിൽസൺ നന്ദിയും പറഞ്ഞു. യോഗത്തിൽ ദുരന്ത നിവാരണം, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, യൂണിസെഫ്, വനിതാ ശിശുവികസനം, വൈദ്യുതി വകുപ്പു മേധാവികൾ പങ്കെടുത്തു. കൂടാതെ ദുരന്ത നിവാരണ മേഖലയിലെ പ്രമുഖരും യോഗത്തിൽ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 3213/2024

date