തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം; ദത്തെടുക്കലിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളറിയാം
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ ഏറ്റെടുക്കാമെന്ന പേരില്‍ നിരവധി അന്വേഷണങ്ങളെത്തുന്ന സാഹചര്യത്തില്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം. ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റുകയെന്ന ലക്ഷ്യത്തോടെയാണിത്. ദത്തെടുക്കലിന് പിന്തുടരേണ്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്. ഇതിന് വിധേയമായി മാത്രമേ കുട്ടികളെ ദത്തെടുക്കാനാവൂ. മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ തീര്‍ത്തും അനാഥമായ കുട്ടികളെ കണ്ടെത്തിയിട്ടില്ലെങ്കിലും ദത്തെടുക്കലിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ധാരാളമായി ലഭിക്കുന്നുണ്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട, സംരക്ഷണവും കരുതലും ആവശ്യമായ കുഞ്ഞുങ്ങളെ 2015 ലെ കേന്ദ്ര ബാലനീതി നിയമ പ്രകാരമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളുടെ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. സെന്റര്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് വിധേയമായി യോഗ്യരായവര്‍ക്കാണ് കുട്ടികളെ ദത്തെടുക്കാന്‍ കഴിയുക. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ടെത്തിയിട്ടുള്ളതും ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ സംരക്ഷിച്ച് വരുന്നതുമായ 6 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം ഒരുക്കുന്നതിനും താല്ക്കാലികമായ ഒരു കാലയളവിലേക്ക് കുട്ടികളെ പോറ്റി വളര്‍ത്തുന്നതിനും നിയമപ്രകാരം സാധിക്കും. ബാലനീതി നിയമം 2015, അഡോപ്ഷന്‍ റെഗുലേഷന് 2022 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണിത്. htt://cara.wcd.gov.in
വെബ്സൈറ്റ് വഴി ഇതിനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും (04936 285050), ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലും (04936 246098) ലഭ്യമാകും.
- Log in to post comments