പ്രളയക്കെടുതി: തദ്ദേശഭരണ സ്ഥാപനങ്ങളുടെ തുകവിനിയോഗത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
പ്രളയക്കെടുതി നേരിടുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വളരെപ്രധാനമായ ചുമതലയുള്ള സാഹചര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ബജറ്റ് വിഹിതം ഏറ്റവും ഗുണപരമായ പദ്ധതികള്‍ക്ക് വിനിയോഗിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു. അത്യാവശ്യമില്ലാത്തതും മാറ്റിവയ്ക്കാവുന്നതുമായ പദ്ധതികള്‍ക്കും നിരസിച്ച പ്രോജക്ടുകള്‍ക്കും വകയിരുത്തിയ വിഹിതം പ്രളയക്കെടുതിമൂലം നശിച്ച ആസ്തികള്‍ പുനസൃഷ്ടിക്കുന്നതിന് ഉപയോഗിക്കണം. ഈ കാര്യത്തില്‍ ജില്ലാ ആസൂത്രണസമിതിയും പ്രളയക്കെടുതി ബാധിച്ച തദ്ദേശഭരണ സ്ഥാപനങ്ങളും പ്രതേ്യകം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രളയംമൂലം നാശനഷ്ടം സംഭവിച്ചിട്ടില്ലാത്ത ജില്ലകളിലും തദ്ദേശഭരണസ്ഥാപനങ്ങളിലും വാര്‍ഷിക പദ്ധതിയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കാനല്ലാതെ അഴിച്ചുപണി നടത്തരുതെന്നും നിര്‍ദേശമുണ്ട്. പ്രളയം ബാധിക്കാത്ത പ്രദേശങ്ങളില്‍ പ്രളയക്കെടുതിമൂലമുള്ള പുനര്‍നിര്‍മാണ പ്രോജക്ടുകള്‍ ഏറ്റെടുക്കരുതെന്നും നിര്‍ദേശമുണ്ട്. ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, പത്തനംതിട്ട ജില്ലയിലെ റാന്നി തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രളയത്തെതുടര്‍ന്ന് കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിച്ചുപോയിട്ടുള്ള സാഹചര്യത്തില്‍ ഇത്തരം ഉപകരണങ്ങള്‍ റിപ്പയര്‍ചെയ്‌തോ വാങ്ങിയോ ഓഫീസ് പ്രവര്‍ത്തനം സുഗമമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടനാട് പ്രദേശത്ത് കുടിവെള്ളവിതരണത്തിന് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ക്രമീകരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പ്രളയമേഖലയിലെ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് തുക തികയാതെവന്നാല്‍ പുതിയ റോഡുകള്‍ക്കുള്ള പ്രോജക്ട് ഒഴിവാക്കി തുക കണ്ടെത്താം. ഗതാഗതം പുനസ്ഥാപിക്കുക, കെട്ടിടങ്ങളുടെ റിപ്പയറിംഗ് എന്നിവയ്ക്ക് അടിയന്തര പ്രാധാന്യം നല്‍കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് എത്തുന്നതിന് സഹായകരമായ വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ വിപുലമായ പ്രചാരണം നടത്തണം. പ്രളയത്തില്‍ കന്നുകാലികള്‍ നഷ്ടപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ ഇവയെ വാങ്ങി നല്‍കുന്നതിനുള്ള പ്രോജക്ടുകള്‍ക്ക് മുന്‍ഗണന നല്‍കണം. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കന്നുകാലികള്‍ നശിച്ചുപോയിട്ടുണ്ടെങ്കില്‍ ഇവയുടെ ഇന്‍ഷുറന്‍സ് തുക വാങ്ങി നല്‍കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളും വെറ്ററിനറി ഡോക്ടര്‍മാരും പ്രതേ്യക ഇടപെടലുകള്‍ നടത്തണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രളയക്കെടുതി നേരിടുന്നതിന് സര്‍ക്കാര്‍ വകുപ്പുകളിലെയും മറ്റ് മേഖലകളിലെയും വിഭവ സ്രോതസ്സുകള്‍ ഉപയോഗിച്ച് റോഡുകള്‍, സ്‌കൂള്‍ കെട്ടിടം, അങ്കണവാടി കെട്ടിടം, ടോയ്‌ലറ്റുകള്‍ തുടങ്ങിയവയുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണികളും നടത്തുകയും എംപിമാരുടെ പ്രാദേശിക വികസന ഫണ്ട്, എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് തുടങ്ങിയവ പരമാവധി പ്രയോജനപ്പെടുത്തണം. ഇപ്പോഴുണ്ടായ പ്രളയത്തിന്റെ അനുഭവം ഉള്‍ക്കൊണ്ട് ഭാവിയില്‍ പ്രളയം ബാധിക്കാത്ത പ്രദേശങ്ങളില്‍ വിവിധോദ്ദേശ്യകമ്മ്യൂണിറ്റി ഹാളുകള്‍ നിര്‍മിക്കുന്നതിനും പ്രാധാന്യം നല്‍കണം. നവകേരള സൃഷ്ടിയുടെ ഭാഗമായി സ്വകാര്യസംരംഭകരെക്കൊണ്ട് പരമാവധി ബാങ്ക് ലോണ്‍ എടുപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കണം. സംരംഭകര്‍ക്ക് അനുവദനീയമായ മേഖലയില്‍ പലിശസബ്‌സിഡി നല്‍കുന്ന മാതൃകയും അവലംബിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. (പിഎന്‍പി 4187/18)
- Log in to post comments