ഓണം :വ്യാജമദ്യക്കടത്ത് തടയുന്നതിന് എക്‌സൈസ് പരിശോധന ഊർജിതമാക്കും
**ജില്ലാ തല ജനകീയ കമ്മിറ്റി യോഗം ചേർന്നു
ജില്ലയിൽ വ്യാജമദ്യത്തിന്റെ വിൽപന, ഉത്പാദനം, വിതരണം, കടത്ത് എന്നിവ തടയുന്നതിനുള്ള എക്‌സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേർന്നു. ഓണത്തോടനുബന്ധിച്ച് ആരംഭിച്ച എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്‌സമെന്റ് ഡ്രൈവ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.കെ വിനീതിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി. സെപ്റ്റംബർ 20 രാത്രി 12 വരെയാണ് സ്‌പെഷ്യൽ ഡ്രൈവ് പ്രഖ്യാപിച്ചിട്ടുള്ളത്.
എൻഫോഴ്‌സ്മെൻറ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലയെ 2 മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര, ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത്. ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റിലും ഒരു എക്‌സൈസ് ഇൻസ്‌പെക്ടർ/അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ, ഒരു പ്രിവൻറിവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ എന്നിവർ ഉൾപ്പെടുന്നു. തിരുവനന്തപുരം ഡിവിഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അതിർത്തി പട്രോളിങ് ശക്തിപ്പെടുത്തുന്നതിനായി ബോർഡർ പട്രോളിങ് യൂണിറ്റും സജീവമാണ്.
തിരുവനന്തപുരം ഡിവിഷനിൽ ലഹരി ഉത്പന്നങ്ങളുടെ പരിശോധനകൾ ശക്തമാക്കുന്നതിനായി തീരദേശ പ്രദേശങ്ങളിൽ അനധികൃത മദ്യം /മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനായി പോലീസ്/ഫോറസ്റ്റ്/കോസ്റ്റ് ഗാർഡ്/മറൈൻ/ജിഎസ്ടി എന്നീ എൻഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരും റേഞ്ച് പരിധിയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് സംയുക്തപരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കുന്നതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സൈസ് കമ്മീണർ അജയ് ആർ യോഗത്തിൽ അറിയിച്ചു.
തിരുവനന്തപുരം ഡിവിഷനിൽ ഡിസംബർ 2023 മുതൽ ഓഗസ്റ്റ് 2024 വരെ 843 അബ്കാരി കേസുകളും 312 എൻഡിപിഎസ് കേസുകളും 6582 കോട്പ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്കാരി കേസുകളിൽ 729 അറസ്റ്റും എൻഡിപിഎസ് കേസുകൾ 300 അറസ്റ്റുകളും രേഖപ്പെടുത്തി. വിവിധ പരിശോധനകളിൽ 88.356 ഗ്രാം എം.ഡി.എം.എ, 443.532 കിലോഗ്രാം കഞ്ചാവ്, 12.169 ഗ്രാം ബ്രൗൺ ുഗർ, 8.098 ഗ്രാം നാർകോട്ടിക് ടാബ്‌ലെറ്റ്, 29 കഞ്ചാവ് ചെടി, 2248.350 ലിറ്റർ ഐ.എം.എഫ്.എൽ, 188.05 ലിറ്റർ വ്യാജ ഐ.എം.എഫ്.എൽ, 2622.315 കിലോഗ്രാം വിവിധ ഇനത്തിലുള്ള പുകയില ഉത്പന്നങ്ങൾ, 69.7 ലിറ്റർ ബിയർ, 10219 ലിറ്റർ കോട, 29 ലക്ഷം കുഴൽപ്പണം എന്നിവ പിടിച്ചെടുത്തു. 90 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
ലഹരി ഉപയോഗത്തിനെതിരെ സ്‌കൂൾ തലത്തിൽ 1381 ,കോളേജ് തലത്തിൽ 135, തീരദേശമേഖലകളിൽ ഒൻപത്, ട്രൈബൽ മേഖലയിൽ 58 എന്നിങ്ങനെ ആകെ 2,146 ബോധവത്കരണ പരിപാടികളും എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തി.
എഡിഎമ്മിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി.എൽ, വിവിധ സർക്കിളുകളിലെ എക്‌സൈസ് ഇൻസ്‌പെക്ടർമാർ, പോലീസ്, നാർക്കോട്ടിക്, ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments