ജില്ലയിൽ മാനുവൽ സ്കാവഞ്ചിങ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ റിപ്പോ൪ട്ട് ചെയ്യണം
ജില്ലയിൽ മാനുവൽ സ്കാവഞ്ചിങ് അഥവാ തോട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതിന് സെപ്റ്റംബർ 11, 12 തീയതികളിൽ തദ്ദേശ സ്ഥാപന തലങ്ങളിൽ ഡിജിറ്റൽ സർവ്വേ നടത്തും. ജില്ലയിൽ മാനുവൽ സ്കാവഞ്ചിങ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ തിരിച്ചറിയൽ രേഖകൾ, തൊഴിൽ സംബന്ധമായ വിശദാംശങ്ങൾ - തോട്ടിപ്പണിയിൽ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥാപനം, ഇൻസാനിറ്ററി ലാട്രിൻ ഉടമയുടെ വിശദാംശങ്ങൾ എന്നിവ സഹിതം അതാത് തദ്ദേശ സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യണം. ഇത് സംബന്ധിച്ച് ജിയോ ടാഗിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി പൂർത്തീകരിക്കേണ്ടതിനാൽ നിർദ്ദിഷ്ട തീയതികളിൽ തന്നെ തദ്ദേശ സ്ഥാപനങ്ങളിൽ പ്പോർട്ട് ചെയ്യണം. വ്യക്തിഗത സുരക്ഷാ ഉപാധികളുടെ സഹായത്തോടെ സെപ്റ്റിക് ടാങ്ക് ശുചീകരണം, സീവർ നെറ്റ് വർക്ക് ക്ലീനിംഗ് എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ സർവ്വേയിൽ ഉൾപ്പെടുന്നില്ല.
ഗ്രാമ നഗര വ്യത്യാസമില്ലാതെയാണ് സർവ്വേ സംഘടിപ്പിക്കുന്നത്. മാനുവൽ സ്കാവഞ്ചിങ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതോടൊപ്പം ഇവരെ ഇപ്രകാരം അനാരോഗ്യകരമായ രീതിയിൽ തൊഴിൽ എടുക്കാൻ പ്രേരിപ്പിക്കുന്ന അശാസ്ത്രീയ ശുചിമുറികളും കണ്ടെത്തും. അത്തരം ശുചിമുറികളുടെ ഉടമകൾക്ക് ആറുമാസത്തിനകം അശാസ്ത്രീയ ശുചിമുറികൾ നശിപ്പിച്ച് പകരം പുതിയവ നിർമ്മിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ നോട്ടീസ് നൽകുന്നതിനും തദ്ദേശ സ്ഥാപന പരിധിയിൽ ഇത്തരത്തിലുള്ള മുഴുവൻ അശാസ്ത്രീയ ശുചിമുറികളും കണ്ടെത്തി ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിയമ പ്രകാരം ഇത്തരത്തിൽ മാനുവൽ സ്കാവഞ്ചിങ് തൊഴിലിനു നിയോഗിക്കുന്ന തൊഴിൽ ദാതാക്കൾ / തൊഴിലുടമകൾക്കു ഒരു വ൪ഷം വരെ കഠിന തടവും 100000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്. ഇത്തരത്തിൽ മാനുവൽ സ്കാവഞ്ചിങിന് ആളുകളെ നിയോഗിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് രണ്ടുവർഷം വരെ കഠിനതടവും രണ്ടുലക്ഷം രൂപ വരെ പിഴയുമോ അല്ലെങ്കിൽ രണ്ടും കൂടിയോ നിയമം അനുശാസിക്കുന്നു.
- Log in to post comments