Skip to main content

കളിക്കളം മീഡിയ സെൻ്റർ, കാര്യവട്ടം : സജീവ സാന്നിധ്യമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കെ വി ധനേഷ്

മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ കെ വി ധനേഷ് തന്റെ കുഞ്ഞു കായിക താരങ്ങളുമായി ഇത്തവണയും മെഡലുകൾ വാരിക്കൂട്ടാൻ കളിക്കളത്തിൽ എത്തി. ഇത്തവണ പരിശീലകനായും കളിക്കളം സ്‌പോർട്സ് മീറ്റ് കണ്ടക്ടിങ് ഡയറക്ടർ എന്ന നിലയിലുമാണ് അദ്ദേഹം കളിക്കളത്തിൽ നിറ സാന്നിധ്യമാകുന്നത്.

പത്തു വർഷത്തോളം ഇന്ത്യൻ ഫുട്ബോൾ ജേഴ്‌സിയണിഞ്ഞ്, രണ്ടു വർഷം ക്യാപ്റ്റനായി തിളങ്ങിയ ഫുട്ബോളിലെ സൂപ്പർ താരമായിരുന്നു കെ വി ധനേഷ്. മറ്റ് കായിക മേളകളിൽ പങ്കെടുക്കാൻ കഴിയാത്ത മത്സരാർത്ഥികൾക്ക് കളിക്കളം പോലുള്ള വേദികൾ മികച്ച അവസരം നൽകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പട്ടിക വർഗ വകുപ്പിനു കീഴിലുള്ള കാസർഗോഡ് ഇ എം ആർ എസ് സ്പോർട്സ് സ്കൂളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം അദ്ദേഹം 14 ജില്ലകളിൽ നിന്നുള്ള പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 6 മുതൽ എട്ടാം ക്ലാസുവരെയുള്ളതും കായിക  മികവു പുലർത്തുന്നതുമായ 30 പെൺകുട്ടികളെയും 30 ആൺ കുട്ടികളെയും തിരഞ്ഞെടുത്ത് ഇവിടെ പരിശീലനം നൽകുന്നുമുണ്ട്.

1994 - ൽ 19-ാം വയസ്സിൽ തൻ്റെ കരിയർ ആരംഭിച്ചു. പിന്നീട് 2002 - ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ദേശീയ ടീമിൻ്റെ ക്യാപ്റ്റനായി. ജെ സി ടി ഫഗ്വാര, ഈസ്റ്റ് ബംഗാൾ, എഫ്‌ സി കൊച്ചിൻ, മോഹൻ ബഗാൻ, ഐ ടി ഐ ബംഗളൂരു, കണ്ണൂർ കെൽട്രോൺ,  യുണൈറ്റഡ്‌ ക്ലബ്‌, ഫുട്‌ബോൾ ഫ്രൻഡ്‌സ്‌ തുടങ്ങിയ ക്ലബുകൾക്കായി ധനേഷ് കളിച്ചിട്ടുണ്ട് . 1995 സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും 1999 വെങ്കലവും നേടിയിട്ടുണ്ട്. 1997 ൽ  സാഫ് ചാംപ്യൻഷിപ്പും നേടി.  കേരളം, കർണാടകം, പഞ്ചാബ്‌ സംസ്ഥാനങ്ങൾക്കായി സന്തോഷ്‌ ട്രോഫിയും കളിച്ചിട്ടുണ്ട്.

date