Skip to main content

ലോക പക്ഷാഘാത ദിനാചരണം നടത്തി

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ ജില്ലാ ആരോഗ്യവകുപ്പിന്റെയും ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിന്റെയും ആഭിമുഖ്യത്തില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.  ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ.സുമിന്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മൈമും ഫ്ലാഷ് മോബും അവതരിപ്പിച്ചു. 'സ്ട്രോക്കിനെ തോല്‍പ്പിച്ച് മുന്നേറാം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ജീവിത ശൈലി രോഗങ്ങളാണ് ഒരാളെ പക്ഷാഘാതത്തിലേക്കും നയിക്കുന്നത്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം തുടങ്ങിയ കാരണങ്ങളെല്ലാം പക്ഷാഘാതത്തിന് കാരണമാകുന്നു. അമിത രക്തസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവുള്ളവര്‍, ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍, ഹൃദയ സംബന്ധമായ തകരാറുള്ളവര്‍, ഹൃദയമിടിപ്പ് ക്രമമല്ലാത്തവര്‍ എന്നിവരിലൊക്കെ പക്ഷാഘാത സാധ്യത കൂടുതലാണ്. ശരിയായ ജീവിത ശൈലി പിന്തുടരുകയാണ് ഇതിനെ മറികടക്കാനുള്ള പോംവഴി. ഗവ.സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ബിജി വര്‍ഗീസ്, എന്‍.എച്ച്. എം. ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ബിന്‍സി രവീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീജ പീതാംബരന്‍, നഴ്സിങ് സൂപ്രണ്ട് തനൂജ തുടങ്ങിയവര്‍ പങ്കെടുത്തു.

date