കേരള മീഡിയ അക്കാദമി അന്തര്‍ദേശീയ ചലച്ചിത്ര മേള സംഘടിപ്പിക്കും
മാധ്യമ പ്രവര്‍ത്തനം പ്രമേയമാക്കിയുള്ള അന്തര്‍ദേശീയ ചലച്ചിത്ര മേള കേരള മീഡിയ അക്കാദമി ഉടന്‍ സംഘടിപ്പിക്കുമെന്നു് ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു. സര്‍ഗ്ഗാത്മകവും സാങ്കേതികവുമായ നൂതന പ്രവണതകള്‍ ചലച്ചിത്ര/മാധ്യമ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണിത്. വിഖ്യാത ചലച്ചിത്രങ്ങള്‍ക്കൊപ്പം ചലച്ചിത്രകാരന്മാരായ മാധ്യമ പ്രവര്‍ത്തകരുടെ ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും മേളയില്‍ ഉണ്ടാകും. മാധ്യമ പ്രവര്‍ത്തകരായ ചലച്ചിത്രകാരന്മാരുമായി വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സംവാദവും ഉണ്ടാകും. ബന്ധപ്പെട്ട എല്ലാ മേഖലയില്‍ നിന്നുള്ളവരുടേയും സഹകരണത്തോടെയാകും മേള സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. അക്കാദമിയില്‍ ഫിലിം ക്ലബ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഫസ്റ്റ് കട്ട് ഫിലിം സൊസൈറ്റി' എന്ന പേരില്‍ കേരള മീഡിയ അക്കാദമിയുടെ ചലച്ചിത്ര ക്ലബ് സംവിധായകന്‍ അരുണ്‍ ബോസ് ഉദ്ഘാടനം ചെയ്തു.
കാതല്‍ സിനിമയിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മീഡിയ അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥി ആദര്‍ശ് സുകുമാരനെ ചടങ്ങില്‍ ആദരിച്ചു. നിരന്തരം മാറ്റത്തിന് വിധേയമാകുന്ന സിനിമയുടെ ഭാഷയെക്കുറിച്ചും സിനിമ തിരുത്തുന്ന സാമൂഹിക കാഴ്ചപ്പാടുകളെക്കുറിച്ചും പ്രശസ്ത ചലച്ചിത്ര സംയോജകന്‍ ബി.അജിത് കുമാര്‍ പ്രഭാഷണം നടത്തി.
ഫിലിം ക്ലബ് ലോഗോ ഡിസൈന്‍ ചെയ്ത പി. ആര്‍ & അഡ്വര്‍ടൈസിംഗ് വിദ്യാര്‍ത്ഥി സായന്തിനെ ചടങ്ങില്‍ അനുമോദിച്ചു. അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ. രാജഗോപാല്‍, അധ്യാപിക വി.ജെ.വിനീത, വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഇസ്സത്ത്, സാന്ദ്ര യേശുദാസ്, ദശമി, ധനഞ്ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടൊപ്പം ചലച്ചിത്ര പ്രദര്‍ശനവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തി.
കേരള മീഡിയ അക്കാദമി വിജയ ചിത്രങ്ങളുടെ പ്രിയ ലൊക്കേഷന്‍
കേരള മീഡിയ അക്കാദമി നിരവധി വിജയ ചലച്ചിത്രങ്ങളുടെ ലൊക്കേഷനാകുന്നുവെന്ന് മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ആദര്‍ശ് സുകുമാരന്‍. കാതല്‍ ഉള്‍പ്പെടെയുള്ള മികച്ച പല ചിത്രങ്ങളുടേയും പ്രധാന രംഗങ്ങളുടെ ചിത്രീകരണ ലൊക്കേഷന്‍ തന്റെ കൂടി കലാലയമായ അക്കാദമിയായിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെയും ലൊക്കേഷനായിരുന്നു അക്കാദമി. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ദിലീപ് തുടങ്ങിയ താരങ്ങളുടേയും ലൊക്കേഷനായി മീഡിയ അക്കാദമി മാറി. അഞ്ചാം പാതിര പോലുള്ള ഹിറ്റ് ചിത്രങ്ങളുടേയും ലൊക്കേഷനായിരുന്നു അക്കാദമി.
- Log in to post comments