ലോക പൈതൃകവാരത്തില്‍ ആകര്‍ഷകമായ പരിപാടികളുമായി മുസിരിസ് പൈതൃക പദ്ധതി
ആഗോള പൈതൃകവും വിവിധ സംസ്‌കാരങ്ങളും തനതു രൂപത്തില്‍ സംരക്ഷിക്കുന്നതിനും അത് പുതു തലമുറയിലേക്കു മൂല്യം ചോരാതെ കൈമാറുന്നതിനും മുഴുവന്‍ ജനസമൂഹങ്ങള്‍ക്കും ബോധവത്ക്കരണം നല്‍കുന്നതിനുമായി എല്ലാ വര്‍ഷവും നവംബര്‍ 19 മുതല്‍ 25 വരെ യുനെസ്‌കോയുടെ നേതൃത്വത്തില്‍ ലോക പൈതൃകവാരം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുസിരിസ് പൈതൃക പദ്ധതിയും ലോക പൈതൃകവാരം ആഘോഷിക്കുന്നു.
സമ്പന്നമായതും, വൈവിധ്യമാര്‍ന്നതുമായ നമ്മുടെ തനതു പൈതൃകം അതേ രൂപത്തില്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ തലത്തിലുമുള്ള വിദ്യാര്‍ത്ഥികളിലും, യുവതീ യുവാക്കളിലും, മറ്റു ജനവിഭാഗങ്ങള്‍ക്കിടയിലും അവബോധം സൃഷ്ടിക്കുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഈ വാരം മുസിരിസ് പദ്ധതിക്കു കീഴിലെ മ്യൂസിയങ്ങളില്‍ വിപുലമായ രീതിയില്‍ കൊണ്ടാടുന്നതായി മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ ഡോ. കെ. മനോജ് കുമാര്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി നവംബര്‍ 19 മുതല്‍ 25 വരെ 'സഞ്ചാരം പൈതൃകത്തിലൂടെ'- വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ മ്യൂസിയം സന്ദര്‍ശനങ്ങള്‍, നവംബര്‍ 23 ന് വൈകീട്ട് 5 ന് പാലിയം മ്യൂസിയത്തില്‍ 'നാലുകെട്ട്' - വനിതകളുടെ കൂട്ടായ്മയും, രാത്രി പൈതൃക നടത്തവും, പരമ്പരാഗത കലാ രൂപത്തിന്റെയും കരവിരുതുകളുടെയും പ്രദര്‍ശനം, നവംബര്‍ 24 ന് രാവിലെ കോട്ടയില്‍ കോവിലകം, ചേന്ദമംഗലം മേഖലയില്‍ 'സിറ്റാഡല്‍ ഓഫ് ഫെയ്ത്' - സ്‌കെച്ച് ആന്‍ഡ് വാക്ക്, നവംബര്‍ 29 ന് കൊടുങ്ങല്ലുരില്‍ 'മെമ്മറി ലൈന്‍' - ത്രിദിന ആര്‍ട്ട് വര്‍ക്ക്‌ഷോപ്പും ഉണ്ടാകും.
ലോക പൈതൃകവാരത്തോടനുബന്ധിച്ച് പ്രധാന മ്യൂസിയങ്ങളില്‍ കുടുംബശ്രീയുടെ ലഘു ഭക്ഷണ വില്‍പ്പന കേന്ദ്രങ്ങള്‍, മുസിരിസ് പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കും. നവംബര്‍ 23 ന് രാത്രി 8 മണിവരെ ചേന്ദമംഗലം പാലിയം മ്യൂസിയങ്ങളില്‍ എല്ലാവര്‍ക്കും പകുതി നിരക്കില്‍ സന്ദര്‍ശനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് 9037252480, വനിത കളുടെ പൈതൃക നടത്തം രെജിസ്‌ട്രേഷന്‍ 9746760810, വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ മ്യൂസിയം സന്ദര്‍ശന റെജിസ്‌ട്രേഷന്‍ 0480 2807717, 9745398487 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Log in to post comments