ഭിന്നശേഷി ദിനാചരണം
ഭിന്നശേഷിക്കാ൪ക്കുള്ള പദ്ധതികൾക്ക് ജില്ലാ പഞ്ചായത്തിന്റെ പൂർണ പിന്തുണ
ഭിന്നശേഷിക്കാ൪ക്കായുള്ള പദ്ധതികൾക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് എല്ലാ പിന്തുണയും നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯. ജില്ലാ പഞ്ചായത്ത് പ്രിയദ൪ശിനി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും മുന്നോട്ട് വെക്കുന്ന ഭിന്നശേഷിക്കാ൪ക്കായുള്ള പദ്ധതികൾക്ക് ഏതു ഘട്ടത്തിലും പിന്തുണ നൽകും. ഇത്തരം പദ്ധതികൾക്ക് സിഎസ്ആ൪ ഫണ്ട് ഉൾപ്പടെ ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ഇടപെടലുണ്ടാകും. ഭിന്നശേഷി സംഗമവും കലാമേളയും നടത്താനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവ൯ ഭിന്നശേഷിക്കാരെയും സംയോജിപ്പിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. മുച്ചക്രവാഹനം, ഇലക്ട്രോണിക് വീൽ ചെയ൪, ഭിന്നശേഷി സ്കോള൪ഷിപ്പ് തുടങ്ങി നിരവധി പദ്ധതികൾ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നു. സമൂഹത്തിൽ മുന്നേറാ൯ ഭിന്നശേഷിക്കാ൪ക്ക് ആത്മവിശ്വാസം പകരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പരിമിതികൾ കൊണ്ട് തള൪ന്നു പോകേണ്ടവരോ നിരാശരാകേണ്ടവരോ അല്ല തങ്ങളെന്ന ബോധ്യം അവ൪ക്ക് പക൪ന്നു കൊടുക്കണം. സവിശേഷമായ നിരവധി കഴിവുകളുള്ള ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഭിന്നശേഷിക്കാരെ പരിപാലിക്കുന്ന സ്ഥാപനങ്ങൾ മാതൃകാപരമായ പ്രവ൪ത്തനമാണ് നടത്തുന്നത്.
എല്ലാദിവസവും മുഴുവ൯ ഭിന്നശേഷിക്കാരെയും ചേ൪ത്തുപിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും എല്ലാവരെയും ഉൾപ്പെടുത്തിയുള്ളതാകണം നാടിന്റെ വികസനമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും വിവിധ ഭിന്നശേഷി സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണത്തിൽ ജില്ലയിലെ വിവിധ ഭിന്നശേഷി സ്ഥാപനങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികളും മുതി൪ന്നവരും അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. ഉൾച്ചേ൪ന്നതും സുസ്ഥിരവുമായ ഭാവിക്കായി ഭിന്നശേഷിയുള്ളവരുടെ നേതൃപരമായ കഴിവുകളെ ഊ൪ജിതപ്പെടുത്തുക എന്നതാണ് ഈ വ൪ഷത്തെ പ്രമേയം.
വിദ്യാഭ്യാസ മേഖലയിൽ ഉന്നതിവിജയം നേടുന്ന ഭിന്നശേഷിക്കാരായ വിദ്യാ൪ഥികൾക്ക് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന വിജയാമൃതം പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് എംഎ ഇസ്ലാമിക് ഹിസ്റ്ററിയിൽ 89.25% മാ൪ക്ക് നേടിയ അഫ്നാ൯ അബ്ദുൾ കരീം, എറണാകുളം സെന്റ് ജോസഫ്സ് കോളേജ് ഓഫ് ടീച്ച൪ എജ്യുക്കേഷ൯ ഫോ൪ വിമനിൽ നിന്ന് 94% മാ൪ക്കോടെ ബി.എഡ് നേടിയ ടി.ടി. ഷാജി, തൃപ്പൂണിത്തുറ കോളേജ് ഓഫ് ടീച്ച൪ എജ്യുക്കേഷനിൽ നിന്ന് 80% മാ൪ക്കോടെ ബി.എഡ്. നേടിയ ടി.എം. ശ്രീലക്ഷ്മി, ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് 71% മാ൪ക്കോടെ ബി.എ. മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചറിൽ ബിരുദം നേടിയ വി.യുയ ഫാത്തിമ, മുവാറ്റുപുഴ നി൪മ്മല കോളേജിൽ നിന്ന് ബി.കോം. ഫിനാ൯സ് ആന്റ് ടാക്സേഷനിൽ ബിരുദം നേടിയ ഐറി൯ മേരി രാജു എന്നിവരാണ് പുരസ്കാരത്തിന് അ൪ഹരായത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോ൪ജ് അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് കളക്ട൪ അ൯ജീത് സിംഗ് ഭിന്നശേഷി ദിനാചരണ സന്ദേശം നൽകി. ക്ഷേമകാര്യ സ്റ്റാ൯ഡിംഗ് കമ്മിറ്റി ചെയ൪മാ൯ കെ.ജെ. ഡോണോ മാസ്റ്റ൪, ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസി അലക്സ്, റീജ അമീ൪, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീഖ്, ജില്ലാ സാമൂഹ്യനീതി ഓഫീസ൪ വി.ജെ. ബിനോയ്, സീനിയ൪ സൂപ്രണ്ട് സിനോ സേവി തുടങ്ങിയവ൪ പങ്കെടുത്തു.
- Log in to post comments