Skip to main content

കന്നുകാലി സെന്‍സസിനു തുടക്കം

കന്നുകാലി സെന്‍സസിന്റെ ഭാഗമായി ഡെപ്യൂട്ടി സ്പീക്കര്‍  ചിറ്റയം ഗോപകുമാറിന്റെ വീട് സന്ദര്‍ശിച്ച് കന്നുകാലികളുടേയും വളര്‍ത്തു നായ്ക്കളുടേയും, പക്ഷികളുടേയും വിവര ശേഖരണം നടത്തി തുടക്കമിട്ടു. ഡെപ്യൂട്ടി ഡയറക്ടര്‍. ഡോ. ജെ. ഹരികുമാര്‍, വെറ്ററിനറി സര്‍ജന്‍. ഡോ. എസ്. വിഷ്ണു, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കുടുംബശ്രീ മിഷനില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് മുഖേന നിയമിച്ച 118 എന്യൂമറേറ്റര്‍മാര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചാണ് കന്നുകാലികള്‍, ഇതര വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ പ്രായം ലിംഗം എന്നിവ അടിസ്ഥാനപ്പെടുത്തി 16 ഇനം വിവരങ്ങള്‍ ശേഖരിക്കുന്നത്.
വളര്‍ത്തു മൃഗങ്ങള്‍ക്ക് പുറമേ തെരുവുനായ്ക്കള്‍, തെരുവിലുള്ള കന്നുകാലികള്‍, നാട്ടാനകള്‍, കുതിര. കഴുത  ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ശേഖരിയ്ക്കും. അറവുശാലകള്‍, മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍, ഗോശാലകള്‍, ഫാമുകള്‍ എന്നീ വിശദാംശങ്ങളും രേഖപ്പെടുത്തും. മൃഗസംരക്ഷണ വകുപ്പ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

date