കുടിവെള്ള കണക്ഷൻ - മുണ്ടംവേലി ലൈഫ് ഫ്ലാറ്റിലെ താമസക്കാർക്ക് ഇളവുകൾ പരിഗണിക്കാൻ നിർദേശം
ലൈഫ് പദ്ധതി പ്രകാരം തോപ്പുംപടി മുണ്ടംവേലിയിൽ പുനരധിവസിപ്പിച്ച 77 കുടുംബങ്ങൾക്കു കുടിവെള്ള കണക്ഷനായി ബിപിഎൽ പ്രകാരമുള്ള ഇളവുകൾ പരിഗണിക്കാൻ മന്ത്രി പി പ്രസാദ് ജല അതോറിറ്റിക്കു നിർദ്ദേശം നൽകി.
കരുതലും കൈത്താങ്ങും കൊച്ചി താലൂക്ക് അദാലത്തിൽ ആണ് വിഷയം പരിഗണിച്ചത്.
49 വർഷമായി കടവന്ത്ര പേരണ്ടൂർ കനാലിനരികിൽ പി ആൻഡ് ടി അപ്പാർട്ട്മെൻ്റിൽ താമസിച്ചിരുന്ന കുടുംബങ്ങളാണു പരാതിയുമായി അദാലത്തിൽ എത്തിയത്. കഴിഞ്ഞവർഷമാണ് ഇവരെ മുണ്ടംവേലിയിൽ പുനരധിവസിപ്പിച്ചത്. പി ആൻഡ് ടി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നപ്പോൾ പൊതു പൈപ്പിലെ വെള്ളമായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. ഇതിന് ബില്ല് ഉണ്ടായിരുന്നില്ല. എന്നാൽ, മുണ്ടംവേലിയിലേക്കു താമസം മാറിയതോടെ വലിയ തോതിലുള്ള വാട്ടർ ബിൽ വന്നു തുടങ്ങി. ബിപിഎൽ കുടുംബങ്ങളായ ഇവർക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ തുക. രോഗികൾ ഉൾപ്പെടെയുള്ള മിക്ക വീടുകളിലും കുടിവെള്ളം മുടങ്ങുന്ന അവസ്ഥ. വ്യക്തിഗതമായി താമസിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്കുള്ള ഇളവ് സർക്കാർ ഫ്ലാറ്റിൽ താമസിക്കുന്നവർക്കു നൽകാനാവില്ല എന്നായിരുന്നു ജല അതോറിറ്റിയുടെ നിലപാട്. ഇതിനൊരു പരിഹാരത്തിനു വേണ്ടിയാണ് ഈ കുടുംബങ്ങൾ അദാലത്തിലെത്തിയത്. ബിപിഎൽ കുടുംബങ്ങൾക്കുള്ള ഇളവുകൾ തങ്ങൾക്കും നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. അടുത്ത യോഗത്തിൽ ഇവരുടെ പ്രശ്നങ്ങൾ പരിശോധിച്ച് തീർപ്പാക്കി സാധ്യമായ സഹായങ്ങൾ ചെയ്യണമെന്ന് ജിസിഡിഎ സെക്രട്ടറിക്കും മന്ത്രി നിർദ്ദേശം നൽകി.
- Log in to post comments