പൊതുവഴി കൈയേറി; വഴിയുണ്ടാക്കാൻ അദാലത്തിൽ നടപടി
പൊതുവഴി കൈയേറി തൻ്റെ കുടുംബത്തിൻ്റെ വഴിയടച്ചവർക്കതിരായ പരാതിയുമായാണ് കെ.എം. അജിമോൻ കുന്നത്തുനാട് താലൂക്കിലെ കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. തിരുവാണിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ മാമല കിഴക്കേ മോളത്ത് വീട്ടിൽ അജിമോൻ്റെ വീടിനു മുന്നിലൂടെയുള്ള പൊതുവഴിയാണ് സമീപവാസികളായ ചിലർ കൈയേറിയത്.
രോഗിയായ അമ്മയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം ബുദ്ധിമുട്ടിലായി. തുടർന്ന് തിരുവാണിയൂർ പഞ്ചായത്തിൽ പരാതി നൽകി. താലൂക്ക് സർവെയർ സ്ഥലം അളന്ന് കല്ലിട്ടു. ഇതു സംബന്ധിച്ചു നേരത്തേ നടന്ന തദ്ദേശ അദാലത്തിൽ പരാതി നൽകുകയും കൈയേറ്റം ഒഴിവാക്കി വഴി വിട്ടുനൽകാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. ജില്ലാ കളക്ടറും വഴി പുനസ്ഥാപിക്കാൻ ഉത്തരവിട്ടു. എന്നാൽ സ്ഥലം പഞ്ചായത്തിൻ്റെതല്ലെന്നു കാട്ടി കൈയേറ്റക്കാർ സ്റ്റേ വാങ്ങി. സ്ഥലം പഞ്ചായത്തിൻ്റേതാണെന്നു തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ നൽകി വക്കീലിനെ ചുമതലപ്പെടുത്താനും
സ്റ്റേ ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും അദാലത്തിൽ മന്ത്രി പി. രാജീവ് നിർദേശം നൽകി. ജനുവരി ഒന്നിനകം നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനും പഞ്ചായത്ത് സെക്രട്ടറിയോടു നിർദേശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഇതു സംബന്ധിച്ച് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
- Log in to post comments