തങ്കച്ചൻ പോരാട്ടം തുടരും; സർക്കാരിൻ്റെ മണ്ണ് വീണ്ടെടുക്കും വരെ
വടവുകോട് പാറപ്പുറത്ത് വീട്ടിൽ പി.ടി. തങ്കച്ചൻ 2010 മുതൽ തുടങ്ങിയതാണ് പോരാട്ടം. സ്വന്തം നേട്ടത്തിനോ ആനുകൂല്യം സ്വന്തമാക്കാനോ അല്ല തങ്കച്ചൻ്റെ ശ്രമം. കൈയേറിയ സർക്കാരിൻ്റെ ഭൂമി തിരിച്ചു പിടിക്കുകയാണ് തങ്കച്ചൻ്റെ ലക്ഷ്യം. വടവുകോട് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ അഞ്ച് സെൻ്റ് ഭൂമിയാണ് സ്വകാര്യ വ്യക്തി കൈയേറിയത്. ഈ ഭൂമി തിരിച്ചെടുക്കാൻ നടപടി വേണമെന്നാണ് ഇദ്ദേഹത്തിൻ്റെ ആവശ്യം. തങ്കച്ചൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം ഹെൽത്ത് സെൻ്ററിൻ്റെ ഉടമസ്ഥതയിലുള്ളത് തന്നെയെന്ന് സർവെ നടത്തി നിർണയിച്ചിരുന്നു. പക്ഷേ കൈയേറ്റമൊഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നില്ല.
കുന്നത്തുനാട് താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി പരിഗണിച്ച മന്ത്രി പി. പ്രസാദ് കൈയേറ്റമൊഴിപ്പിക്കുന്നതിന് ഒരു മാസത്തിനകം നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിനും റവന്യൂ വകുപ്പിനും നിർദേശം നൽകി. കൂടാതെ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ ഭൂമി സംരക്ഷിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർക്കും മന്ത്രി നിർദേശം നൽകി.
വിവിധ അദാലത്തുകളിൽ പരാതി നൽകിയിട്ടും പരിഹാരം കാണാനായിരുന്നില്ല. 14 വർഷങ്ങൾക്ക് ശേഷം നീതി നടപ്പാകുന്നതിലുള്ള സന്തോഷം തങ്കച്ചൻ പങ്കുവെച്ചു.
- Log in to post comments