Skip to main content

പൊതു ആവശ്യത്തിന് സ്ഥലം വിട്ടു നൽകിയ കുടുംബത്തിന് കരുതലായി അദാലത്ത്

സഹോദരൻ അയ്യപ്പൻ റോഡിന് വേണ്ടി 2002 ൽ സ്ഥലം വിട്ടു നൽകിയതാണ് എളംകുളം സ്വദേശി ഷീബ അരവിന്ദും കുടുംബവും. നിലവിലുള്ള സ്ഥലത്തെ കെട്ടിടത്തിന് നമ്പർ ഇട്ടു നൽകിയാലേ ഈ കെട്ടിടം വാടകയ്ക്ക് നൽകാനാകൂ. വിധവയായ ഷീബയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് മറ്റു വരുമാന മാർഗമില്ല. മുകൾ നിലയ്ക്ക് പകുതി നമ്പർ ഇട്ട് ലഭിച്ചു. ബാക്കി ഭാഗത്തിന് നമ്പർ ലഭിക്കാൻ 2022 ൽ അപേക്ഷ നൽകി.

കെട്ടിട നമ്പർ ലഭിക്കാനായി നിരവധി തവണ കൊച്ചി കോർപ്പറേഷൻ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നമ്പർ ലഭിച്ചില്ല.

മുകൾ ഭാഗം വാടകയ്ക്ക് നൽകി ലഭിക്കുന്ന തുകയാണ് ഏകവരുമാനം. ഇപ്പോൾ ഈ കെട്ടിടവും ജപ്തി ഭീഷണിയിലാണ്. ഈ സാഹചര്യത്തിലാണ് ഷീബ പരാതിയുമായി അദാലത്തിലെത്തിയത്. പരാതി പരിഗണിച്ച മന്ത്രി പി.രാജീവ് അദാലത്തിൽ തന്നെ നമ്പർ നൽകാൻ ഉത്തരവിട്ടു.

ജില്ലാ പ്ലാനിംഗ് വിഭാഗത്തിൻ്റെയും കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് വിഭാഗത്തിൻ്റെയും സംയുക്ത സ്ഥലപരിശോധനയുടെ അടിസ്ഥാനത്തിൽ സാക്ഷ്യപ്പെടുത്തിയ സ്കെച്ച് പ്രകാരവും പൊതു ആവശ്യത്തിന് സ്ഥലം വിട്ടു നൽകിയതിൻ്റെയും അടിസ്ഥാനത്തിൽ നമ്പർ നൽകാൻ അദാലത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. നമ്പർ നൽകുന്നതിന് തടസമായിരുന്ന താത്കാലിക സ്റ്റെയർ സ്ഥിരം സംവിധാനത്തിലേക്ക് മാറുമ്പോൾ സ്വന്തം സ്ഥലത്തായി പരിമിതപ്പെടുത്തും എന്ന പരാതിക്കാരിയുടെ ഉറപ്പും അദാലത്ത് കമ്മിറ്റി പരിഗണിച്ചു. ഇതുപ്രകാരമാണ് നമ്പർ ലഭിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായ ദിവ്യ അരവിന്ദിനൊപ്പമാണ് ഷീബ അദാലത്തിലെത്തിയത്.

date