പാലിയേറ്റീവ് ദിനാചരണം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയുടേയും റോട്ടറി ക്ലബ് കൊച്ചി സിറ്റിയുടേയും സംയുക്തതാഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി. പാലിയേറ്റീവ് ദിനത്തിന്റെ ഉദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ് നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. എം.ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീതാ നായർ, ആർ.എം.ഓ, ഡോ. എം.കെ. ഹക്കിം, എ.ആർ.എം.ഒ ഡോ. യു മധു, ജനറൽ മെഡിസിൻ വകുപ്പ് മേധാവി ഡോ. ജേക്കബ് കെ ജേക്കബ്, കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ.ബിനു അരീക്കൽ, പാലിയേറ്റീവ് കെയർ യൂണിറ്റ് നോഡൽ ഓഫിസർ ഡോ.സാജിത അബ്ദുള്ള, നഴ്സിംഗ് സൂപ്രണ്ട് ഷൈജ, റോട്ടറി ക്ലബ്ബ് കൊച്ചി സിറ്റി ഭാരവാഹിയായ ഡോ.അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നോഡിൽ ഓഫീസർ ഡോ. സാജിത അബ്ദുള്ളയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ജേക്കബ് കെ ജേക്കബ്. സാന്ത്വന സ്പർശനം - കവിത ആലപിച്ചു. കൂടാതെ പാലിയേറ്റീവ് യൂണിറ്റിലെ അധ്യാപകരുടെ സ്കിറ്റും തുടർന്ന് ശിശുരോഗ വിഭാഗത്തിലെ ഡോ. ഷീലയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ സംഘഗാനവും അരങ്ങേറി. കങ്ങരപ്പടി അമ്മ വീട് വയോജന കേന്ദ്രത്തിലെ കാർത്ത്യായനി അമ്മയുടെ ഗാനാലാപനവും നടന്നു.
കിടപ്പു രോഗികൾക്ക് ആശ്വാസമേകിക്കൊണ്ട് 2014 ൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയിൽ ഇതുവരെ 1678 രോഗികൾക്ക് പരിചരണമേകി. എറണാകുളം മെഡിക്കൽ കോളേജിന്റെ ആരോഗ്യ പരിപാലന രംഗത്തെ ഏറ്റവും മികച്ച പാലിയേറ്റീവ് ചികിത്സയാണ് ഇത്തരത്തിലുള്ള രോഗികൾക്ക് നൽകി വരുന്നത്. എടത്തല, കീഴ്മാട് പഞ്ചായത്തുകളിലും, കളമശ്ശേരി, ഏലൂർ, തൃക്കാക്കര മുൻസിപ്പാലിറ്റികളിലും നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് കെയറിനു പുറമേയാണ്, ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ മെഡിക്കൽ കോളേജും, റോട്ടറി ക്ലബ്ബ് കൊച്ചി സിറ്റിയും ചേർന്ന് നടത്തുന്ന ഈ പാലിയേറ്റീവ് സംവിധാനം.
എല്ലാ വ്യാഴാഴ്ചകളിലും പാലിയേറ്റീവ് രോഗികൾക്കുള്ള പ്രത്യേക ഒ.പി മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഡോക്ടർ, സ്റ്റാഫ് നഴ്സ് അടങ്ങുന്ന സംഘം പാലിയേറ്റീവ് രോഗികളെ വീട്ടിൽ സന്ദർശനം നടത്തുകയും, രോഗികൾക്ക് വേണ്ട ചികിത്സയും , ആവശ്യ സാധനങ്ങളുടെ വിതരണവും നടത്തി വരികയും ചെയ്യുന്നു. കൂടാതെ മെഡിക്കൽ വിദ്യാർത്ഥികൾ നടത്തുന്ന ആശ്രയ പാലിയേറ്റീവ് കെയർ യൂണിറ്റും ആശുപത്രിയിൽ സജീവമാണ്.
- Log in to post comments