കായിക സൗകര്യങ്ങളിൽ മഹാരാജാസ് കോളേജ് വേറിട്ട കലാലയം: മന്ത്രി ഡോ ആർ ബിന്ദു
നവീകരിച്ച സിന്തറ്റിക് ട്രാക്കിൻ്റെയും കമ്പ്യൂട്ടർ ലാബിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു
പൊതുസമൂഹത്തിനു കൂടി പ്രയോജനകരമായ വിധത്തിൽ കായിക സൗകര്യങ്ങൾ മഹാരാജാസ് കോളേജ് ഒരുക്കുന്നത് മാതൃകാപരമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.
കോളേജിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കിൻ്റെയും പുതിയ കമ്പ്യൂട്ടർ ലാബിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കാമ്പസിനു പുറത്തും മികച്ച രീതിയിൽ മഹാരാജാസ് കോളജ് പ്രവർത്തിക്കുന്നുണ്ട്. ഇതു മറ്റു കലാലയങ്ങൾക്കിടയിൽ മഹാരാജാസിനെ വേറിട്ടതാക്കുന്നു. ഓരോ കലാലയത്തിനും തനതു ജൈവസ്വഭാവമുണ്ട്. ജനിതക ഘടനയുണ്ട്. മഹാരാജാസ് കോളേജിന്റെ ജനിതക ഘടന സമൂഹത്തിന്റെ തീക്ഷ്ണമായ പ്രശ്നങ്ങളോട് ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കുന്ന യുവജനതയെ രൂപീകരിച്ചെടുക്കുക എന്നതാണ്.
ഏറ്റവും മികച്ച നിലയിലാണ് കലാലയം കഴിഞ്ഞ 150 വർഷം ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുള്ളത്. അക്കാദമികവും കലാപരവും കായികപരവുമായ മികവുകൾ പുലർത്തുന്നതിനു പ്രതിഭാശാലികളായ വിദ്യാർത്ഥികളിലൂടെ മഹാരാജാസിന് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിൻ്റ കാലത്ത് കിഫ്ബി പദ്ധതിയുടെ ഭാഗമായി അഞ്ച് പൈതൃക കലാലയങ്ങളെ തിരഞ്ഞെടുത്തതിൽ ഒന്നാണ് മഹാരാജാസ്. കേരളീയ സമൂഹത്തിന് നൽകിയ സമാനതകൾ ഇല്ലാത്ത സംഭാവനകളുടെ അംഗീകാരമായാണ് പൈതൃക കോളേജ് എന്ന അംഗീകാരം കലാലയത്തിനു ലഭിച്ചത്. അതിന്റെ ഭാഗമായി 30 കോടി രൂപയുടെ പദ്ധതി വാഗ്ദാനമാണ് സർക്കാർ നൽകിയത്. ആദ്യഘട്ടമായി അനുവദിച്ച 15.45 കോടി ഉപയോഗിച്ചാണ് ഓഡിറ്റോറിയം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ നടത്തിയത്. സാങ്കേതിക കാരണങ്ങളാൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സാധിച്ചിട്ടില്ല. കോളേജിന്റെ 150-മത് വാർഷിക പരിപാടികൾ ഓഡിറ്റോറിയത്തിൽ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
6000 കോടിയുടെ വികസന പദ്ധതികളാണ് കഴിഞ്ഞ നാലുവർഷം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടപ്പിലാക്കിയതെന്ന് കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക അവലോകനം ചൂണ്ടിക്കാണിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. 2000 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഉപയോഗിച്ചത്. കിഫ്ബി, റൂസ , സംസ്ഥാന സർക്കാരിൻ്റെ പദ്ധതി വിഹിതം എന്നിവ ഉപയോഗിച്ചാണ് ഏറ്റവും സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂം , അക്കാദമിക് ബ്ലോക്ക്, ലബോറട്ടറികൾ, ലൈബ്രറികൾ എന്നിവ ഒരുക്കിയിട്ടുള്ളത്.
സർവ്വകലാശാലകളിൽ ഇത്തരം സൗകര്യങ്ങൾ ഉയർന്നു വരുമ്പോൾ അനുപാതികമായി ഉള്ളടക്കത്തിൽ മാറ്റം ഉണ്ടാവണം. ഈ ആശയത്തിലാണ് കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സമഗ്ര മാറ്റം സാധിക്കുന്ന കരിക്കുലം ചട്ടക്കൂടു തയ്യാറാക്കിയത്. ഇതിനെ ആസ്പദമാക്കിയാണ് നാലുവർഷത്തെ യുജി പ്രോഗ്രാം വിജയകരമായി ആരംഭിച്ചതും. ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗവേഷണാത്മക പ്രവർത്തനങ്ങളിലാണ്.
വളരെ കൃത്യമായ ദിശാബോധത്തോടെയാണ് കേരളം ഉന്നത വിദ്യാഭ്യാസമേഖലയിൽ ചുവടുവയ്ക്കുന്നത്. ഒരുവശത്ത് ഏറ്റവും മികവാർന്ന തൊഴിൽ മേഖലയിലേക്ക് തങ്ങളുടെ അഭിരുചികൾക്കൊത്ത്
കടന്നു ചെല്ലാൻ സാധിക്കുന്ന വിധത്തിൽ തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവു നികത്തുക. മറുവശത്ത് മികച്ച അറിവുകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള ഗവേഷണ പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഡിഗ്രി മുതൽ പ്രോത്സാഹനം നൽകുക. ഈ ലക്ഷ്യങ്ങൾ സമന്വയിപ്പിച്ചാണു നമ്മുടെ കലാലയങ്ങളിലെ അക്കാദമിക പ്രവർത്തനങ്ങൾ സർഗാത്മകമാക്കാൻ ശ്രമിക്കുന്നത്.
ഈ സമീപനത്തെ മുന്നോട്ടു കൊണ്ടുപോയി നവ വൈജ്ഞാനിക സമൂഹം എന്ന കാഴ്ചപ്പാട് പൂർണ്ണമായും സാക്ഷാത്കരിക്കാൻ സർക്കാരിനോടൊപ്പം നിൽക്കണമെന്നാണ് മഹാരാജാസ് കോളേജിലെ സമൂഹത്തോട് അഭ്യർത്ഥിക്കാനുള്ളത്.
മികച്ച പൂർവ്വ വിദ്യാർത്ഥി സമ്പത്തുള്ള കലാലയമാണ് മഹാരാജാസ്. ആ സമ്പത്ത് ഏറ്റവും പ്രയോജനപ്പെടുത്തണം. 150 മത് വാർഷികത്തോടനുബന്ധിച്ച് ഭൗതിക സംവാദങ്ങൾ, സെമിനാറുകൾ തുടങ്ങിയവയെല്ലാം കോളേജ് അലൂമ്നിയെ കൂടി ഉൾപ്പെടുത്തി സംഘടിപ്പിക്കണം.
കോളേജിലെ ഇംഗ്ലീഷ് മെയിൻ ഹാളിൽ നടന്ന ചടങ്ങിൽ ടി . ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷനും കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ മുഖ്യാതിഥിയുമായി.
കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ഷജില ബീവി, ഐസിഐസിഐ ബാങ്ക് കേരള മേധാവി ശ്രീധരൻ രംഗനാഥൻ, എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. ടി വി സുജ, വൈസ് പ്രിൻസിപ്പൽ ഡോ. ജി എൻ പ്രകാശ്, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ. റീന ജോസഫ്, ഗവേണിംഗ് ബോഡി അംഗം ഡോ. എം എസ് മുരളി, യൂണിയൻ ചെയർമാൻ എം അഭിനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments