Skip to main content

ജനകീയ പങ്കാളിത്തത്തോടെ കൊച്ചിയിൽ രാത്രികാല പരിശോധനകൾ ശക്തമാക്കും

കൊച്ചി നഗരത്തിൽ റസിഡന്റ്സ് അസോസിയേഷകളുമായി സഹകരിച്ചുള്ള രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കാൻ നിർദേശം നൽകുമെന്ന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ് പറഞ്ഞു. കൊച്ചിയിലെ കനാൽ നവീകരണ പ്രവർത്തനങ്ങളിൽ റസിഡന്റ്സ് അസോസിയേഷകളുടെ സഹകരണം ഉറപ്പാക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം.

 

നവീകരണ പ്രവർത്തനം നടന്ന കനാലുകളിൽ വീണ്ടും മാലിന്യം വലിച്ചെറിയുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ തടയാൻ കൂട്ടായ ശ്രമം ആവശ്യമാണ്. 

അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലുകൾക്ക് പുറമേ പൊതുജനങ്ങളുടെ സഹകരണം കൂടി വേണം.

 

രാത്രികാല പരിശോധനകൾ ശക്തമാക്കുന്നത് വഴി അനധികൃതമായി മാലിന്യം വലിച്ചെറിയുന്നതും നിക്ഷേപിക്കുന്നതും തടയാനും അത്തരക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാനും കഴിയുമെന്നും റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. 

പോലീസിനൊപ്പം കോർപ്പറേഷൻ ഉദ്യോഗസ്ഥരെയും പരിശോധനയുടെ ഭാഗമാക്കും. 

 

കനാൽ നവീകരണ പ്രവർത്തനങ്ങളിലും മാലിന്യ പ്രശ്നങ്ങളിലുമുള്ള ജനങ്ങളുടെ നിർദേശങ്ങൾ അറിയിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും യോഗത്തിൽ ധാരണയായി. റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾക്ക് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ ഗ്രൂപ്പിൽ പങ്കുവെക്കാം. 

 

പേരണ്ടൂർ കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ മെയ് മാസത്തിന് മുന്നേ പൂർത്തീകരിക്കും. കരാറുകാരന് ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ മറ്റു കനാലുകളിലെ മഴക്കാലപൂർവ്വ പ്രവർത്തനങ്ങളും സമയബന്ധിതമായി തന്നെ നടത്തുമെന്നും കളക്ടർ യോഗത്തിൽ പറഞ്ഞു.

 

വ്യാപാര സ്ഥാപനങ്ങളുടെയും താമസസ്ഥലങ്ങളുടെയും മാലിന്യ കുഴലുകൾ കനാലുകളിലേക്ക് തുറന്നു വെച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തണമെന്നും വഴിയോരങ്ങളിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.

 

കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.മനോജ്‌, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date