Skip to main content

വടവുകോട് ബ്ലോക്ക് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

വടവുകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും കുന്നത്തുനാട് താലൂക്ക് വ്യവസായ ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംരഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്തു. 

 

വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സംരംഭക വർഷം 3.0 പദ്ധതിയുടെ ഭാഗമായിട്ടാണ് ശിൽപ്പശാല നടത്തിയത്. പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്ക് വിപുലീകരണത്തിനും പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. 2022 മുതൽ നടപ്പാക്കി വരുന്ന സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 3.5 ലക്ഷത്തിലധികം പദ്ധതികളാണ് പുതുതായി ആരംഭിച്ചത്. 

 

2024-25 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ് വടവുകോട്. ഈ കാലയളവിൽ ബ്ലോക്ക് പരിധിയിൽ 559 പുതിയ സംരംഭങ്ങൾ ആരംഭിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. അതേസമയം 592 സംരംഭങ്ങൾ ആരംഭിച്ച് 106 ശതമാനം എന്ന വൻ നേട്ടമാണ് വടവുകോട് ബ്ലോക്ക് സ്വന്തമാക്കിയത്. പഞ്ചായത്ത് തലത്തിൽ നടത്തിയ സംരംഭകത്വ ശിൽപ്പശാലകളും സംരംഭക സഭകളുമായിരുന്നു ഇതിന് സഹായകമായത്. 

 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനു അച്ചു അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ താരം ലക്ഷ്മി പ്രിയ മുഖ്യാതിഥിയായി. തുടർന്ന് "ബാങ്കിങ് നടപടി ക്രമങ്ങൾ, പി.എം.എഫ്.എം.ഇ" എന്ന വിഷയത്തിൽ കാനറാ ബാങ്ക് മുൻ റീജിയണൽ മാനേജർ സാബു മേച്ചേരിയും പാക്കിങ് & പാക്കേജിംങ് എന്ന വിഷയത്തിൽ അബ്ദുൾ റഷീദും ക്ലാസുകൾക്ക് നേതൃത്വം നൽകി.

 

സ്ഥിരം സമിതി അധ്യക്ഷരായ ടി.ആർ വിശ്വപ്പൻ, രാജമ്മ രാജൻ, ബ്ലോക്ക് അംഗങ്ങളായ ശ്രീജ അശോകൻ, സ്വാതി രമ്യദേവ്, കെ.സി ജയചന്ദ്രൻ, പി.പി ജോണി, ഷൈജ റെജി, ബേബി വർഗീസ്, വടവുകോട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ മിനി. പി.ജോൺ, ഐക്കരനാട് പഞ്ചായത്ത് എന്റർപ്രൈസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് സോജിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

date