തീരദേശത്തെ മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും
ജില്ലയിലെ തീരപ്രദേശത്തെ മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾ പരമാവധി ഏപ്രിലിൽ തന്നെ പൂർത്തിയാക്കും. തീരപ്രദേശത്തെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
ഓരോ തദ്ദേശസ്ഥാപനവും നേരിടുന്ന പ്രശ്നങ്ങളും അതിനാവശ്യമായി ചെയ്യേണ്ട കാര്യങ്ങളും യോഗത്തിൽ ഉന്നയിച്ചു. പ്രധാനമായും വീരൻ പുഴയിലെ മണൽ നീക്കി ആഴം കൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കും. ഇതിനായി ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെടും. ഇവിടത്തെ മണൽ ദേശീയപാത നിർമ്മാണത്തിന് ഉപകരിക്കുമോ എന്നാണ് നോക്കുന്നത്.
ഉൾ തോടുകളിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സർവെ നടത്താനും യോഗത്തിൽ ധാരണയായി. ചെല്ലാനം പ്രദേശത്താണ് പൈലറ്റ് പദ്ധതി എന്ന നിലയ്ക്ക് സർവെ ആരംഭിക്കുക. കയ്യേറ്റം ഒഴിപ്പിച്ചാൽ തോടുകളുടെ ഒഴുക്ക് സുഗമമാക്കാൻ കഴിയുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
സാധ്യമായ ഇടങ്ങളിൽ ഡ്രഡ്ജിങ് നടത്തണമെന്നും പാടശേഖരങ്ങളിലെ ബണ്ടുകൾ ഉയർത്തണമെന്നും തോടുകളുടെ ബണ്ട് സംരക്ഷിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ജനപ്രതിനിധികൾ യോഗത്തിൽ പറഞ്ഞു. പതിവിലും വിപരീതമായി ഇക്കുറി വേലിയേറ്റം ശക്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഓരോ പ്രദേശത്തിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി പരമാവധി ഫണ്ട് ലഭ്യമാക്കാൻ ശ്രമിച്ചു വരുന്നതായും സമയബന്ധിതമായി തന്നെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments