ജലാശയങ്ങളുടെ ശുചീകരണം; വേങ്ങൂരിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പരിധിയിലെ
പായൽ നിറഞ്ഞ ചിറകളും കുളങ്ങളും ശുചീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഫിഷറീസ് വകുപ്പിന്റെ ജില്ലാ പദ്ധതിയുടെ ഭാഗമായാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
ഇടത്തുരുത്ത് വാർഡിലെ പാലക്കാട്ടു ചിറയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു. ഗ്രാസ് കാർപ്പ് ഇനത്തിൽപ്പെട്ട കുഞ്ഞുങ്ങളെയാണ് പദ്ധതിയിൽ ഉപയോഗിക്കുന്നത്. പഞ്ചായത്തിലെ മറ്റ് പ്രധാന ജലാശയങ്ങളായ
ആമ്പിള്ളിച്ചിറ, വെള്ളംചിറ, പാലക്കാട്ടുചിറ എന്നിവിടങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ബൈജു പോൾ, ആൻസി ജോബി, പി.വി പീറ്റർ, ജിനു ബിജു, ഫിഷറീസ് കോഡിനേറ്റർ എൽദോ മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments