ഇൻവെസ്റ്റ് കേരള സമ്മിറ്റ്: ലോജിസ്റ്റിക്സ് മേഖലയിൽ 5000 കോടിയുടെ നിക്ഷേപവുമായി ദുബായ് ഷറഫ് ഗ്രൂപ്പ്
കേരളത്തിലെ വ്യവസായിക വികസന കുതിപ്പിന് സാക്ഷ്യം വഹിച്ച് കൊച്ചി ലുലു കൺവെൻഷൻ സെൻ്ററിൻ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ രണ്ടാം ദിനവും.
സംസ്ഥാനത്ത് ലോജിസ്റ്റിക് മേഖലയിൽ 5000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുകയാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ്. ഷറഫ് ഗ്രൂപ്പിൻ്റെ വൈസ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫാണ് കേരളത്തിലെ നിക്ഷേപ സാധ്യതകൾ മനസ്സിലാക്കി താൽപര്യം അറിയിച്ചത്.
ലോജിസ്റ്റിക്സ്, ഷിപ്പ് മാനേജ്മെൻ്റ്, ഷിപ്പ് ഏജൻസി തുടങ്ങിയ വിവിധ മേഖലകളിലായി ഷറഫ് ഗ്രൂപ്പിന് ഇന്ത്യയുമായി 28 വർഷത്തെ ബിസിനസ് ബന്ധമുണ്ട്. ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിൽ ബിസിനസ് ഉണ്ട്. കേരളത്തിൽ രണ്ടു പ്രധാന സ്ഥലങ്ങൾ കണ്ടെത്തി സർക്കാർ പിന്തുണയോടെ 5000 കോടിയുടെ ബിസിനസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ചെയർമാൻ പറഞ്ഞു.
വിദ്യാസമ്പന്നരുടെ നാടാണ് കേരളം. ഇവിടത്തെ മനുഷ്യ വിഭവശേഷി വളരെ മികച്ചതാണ്. യോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി വളരെ വേഗത്തിൽ പദ്ധതി ആരംഭിക്കും. വളരെ ആകർഷണീയമായ രീതിയിലാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് സർക്കാർ സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments