Skip to main content
വെച്ചൂച്ചിറ ചാത്തന്‍തറയില്‍ നടന്ന പൊതുസമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

ശബരിമല പദ്ധതിയില്‍ ജില്ലയ്ക്ക് 43.5 കോടി രൂപ: മന്ത്രി പി എ  മുഹമ്മദ് റിയാസ് 

പത്തനംതിട്ട ജില്ലയില്‍ ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 43.5 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ്.   കിഫ്ബി ഫണ്ടിലെ 17.75 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന റാന്നി മഠത്തുംചാല്‍ - മുക്കൂട്ടുതറ റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ശബരിമല പദ്ധതിയിലൂടെ ഏഴ് റോഡുകളുടെ നവീകരണമാണ് ലക്ഷ്യം. റാന്നി വലിയകാവ് റിസര്‍വ് റോഡിന് 10 കോടി. തിരുവല്ല - കുമ്പഴ റോഡ്, മരുതൂര്‍ കടവ് വണ്‍വേ ട്രാഫിക് റോഡ് എന്നിവയുടെ നവീകരണത്തിന് 10.5 കോടി രൂപയും.  സംസ്ഥാനത്ത് ആകെ 356.97 കോടി രൂപയാണ് ഇത്തവണ ശബരിമല പാക്കേജില്‍ അനുവദിച്ചത്. ശബരിമല റോഡുകളുടെ നവീകരണത്തിന്  അനുവദിച്ചിട്ടുള്ള ഏറ്റവും വലിയ തുകയാണിത്. 
പദ്ധതികള്‍ അനുവദിക്കുന്നതിനോടൊപ്പം അവ പൂര്‍ത്തിയാകുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. റോഡുകളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും ഒരേ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. 

വെച്ചൂച്ചിറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 5.67 കോടി രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെച്ചൂച്ചിറ ചാത്തന്‍തറയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ നിര്‍മ്മിതികള്‍  പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളുടെ കാലതാമസം ഉണ്ടായിരുന്ന സാഹചര്യം മാറി. കിഫ്ബിയിലൂടെ തുക അനുവദിച്ച് വലിയ  നിര്‍മ്മാണങ്ങള്‍ അതിവേഗമാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വെച്ചൂച്ചിറ, പഴവങ്ങാടി, അങ്ങാടി, കൊറ്റനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 31.263 കിലോമീറ്റര്‍ ദൂരമുള്ളതാണ് മഠത്തുംചാല്‍ മുക്കൂട്ടുതറ റോഡ്. കനകപ്പലം - മുക്കൂട്ടുതറ, വെച്ചൂച്ചിറ - മന്ദമരുതി,  മടത്തുംചാല്‍ - അങ്ങാടി, റാന്നി ബൈപ്പാസ്, റാന്നി ന്യൂ ബൈപ്പാസ് എന്നിങ്ങനെ അഞ്ചു റോഡുകളുടെ നവീകരണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെച്ചൂച്ചിറ പോളിടെക്‌നിക്ക്, വിശ്വ ബ്രഹ്‌മ ആര്‍ട്‌സ് കോളജ്, പെരുന്തേനരുവി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന റോഡ് റാന്നി വഴി ശബരിമലയിലേക്ക് എത്തുന്നത് തീര്‍ത്ഥാടകര്‍ക്ക് പമ്പാ റോഡിലേക്ക് എത്തിച്ചേരാനും എളുപ്പമാക്കുന്നതാണ്.

പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി.വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റ്റി. കെ. ജയിംസ്,  അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപി ,ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്യു കാനാട്ട്,  വാര്‍ഡ് അംഗം നഹാസ് പ്ലാമൂട്ടില്‍, കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  ബി. ദീപ,  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date