ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ ആവശ്യം മണല്‍വാരല്‍ പുനരാരംഭിക്കാനും നിര്‍ദ്ദേശം
കാക്കനാട്: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരമാവധി വേഗത്തില്‍ പരിഹരിക്കണമെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മഴക്കാലത്ത് റോഡുകള്‍ ടാറുചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടേയ്ക്കാം. എന്നാല്‍ കുഴിയടക്കല്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കുകയും മഴ മാറുമ്പോള്‍ത്തന്നെ ടാറിങ് നടപടികള്‍ തുടങ്ങുകയും ചെയ്യണമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.
റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ലൈനുകളും കേബിളുകളുംമറ്റും വലിച്ചതിനുശേഷം അതിനുത്തരവാദിയായ വകുപ്പോ, അനുമതി വാങ്ങിയല്ല പൊളിച്ചത് എന്ന കാരണത്താല്‍ പൊതുമരാമത്ത് വകുപ്പോ റോഡ് പൂര്‍വ്വസ്ഥിതിയിലാക്കാറില്ലെന്ന് വി.പി.സജീന്ദ്രന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പരസ്പരധാരണയോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൂണ്ടി- രാമമംഗലം റോഡ് ജില്ലാ കളക്ടര്‍ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടു. പെരിയാര്‍ വാലി പദ്ധതിയുടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. കനാല്‍ വൃത്തിയാക്കുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കണം. പ്രളയത്തില്‍ കനാലിന്റെ ചില ഭാഗങ്ങള്‍ ഇടിഞ്ഞത് പുനര്‍നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു. ഡിസംബര്‍ ആദ്യവാരത്തോടെ വെള്ളം തുറന്നുവിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പൊതുജനം ബൈ പാസ്സായി ഉപയോഗിക്കുന്ന മഞ്ഞൂര്‍- കോതാശ്ശേരി റോഡിന്റെയും പെരുമ്പാവൂര്‍- കോതമംഗലം റോഡിന്റേയും അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മഞ്ചേരിക്കുഴി പാലത്തിന്റെ അപ്രോച്ച് റോഡു നിര്‍മാണം പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂവപ്പടി പഞ്ചായത്തിലെ ചേരാനെല്ലൂര്‍ പാടശേഖരത്തേക്കുള്ള വൈദ്യുതിബന്ധം കുടിശ്ശികയുണ്ടെന്ന കാരണത്താല്‍ കെ.എസ്.ഇ.ബി. വിച്‌ഛേദിച്ചതോടെ പ്രദേശത്തെ ജലസേചനം മുടങ്ങിയതായും നെല്‍വയലുകളെ വരള്‍ച്ച ബാധിച്ചതായും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. അറിയിച്ചു. ജലസേചനപദ്ധതികളുമായി ബന്ധപ്പെട്ടുള്ള വൈദ്യുതബന്ധം വിഛേദിക്കരുതന്ന് നിബന്ധനയുണ്ടെന്നും ബന്ധം ഉടനടി പുന:സ്ഥാപിക്കണമെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. കുടിശ്ശിക ഗഡുക്കളായി അടക്കുന്ന കാര്യം പരിഗണിക്കുമെന്നും അറിയിച്ചു.
റോഡുപണികളില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ജില്ലാ കളക്ടര്‍ അറസ്റ്റ് നടപടികളെടുക്കുകയാണെങ്കില്‍ പ്രവൃത്തികള്‍ സമയബന്ധിതമായും ഫലപ്രദമായും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് റോജി എം.ജോണ്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ജനപ്രതിനിധികള്‍ ആരോപണമുന്നയിക്കുമ്പോള്‍ എഴുത്തുകുത്തുകള്‍ നടത്തി സമയം കളയുന്ന പ്രവണത ഒഴിവാക്കണം. പാതിവഴിക്ക് പണിയുപേക്ഷിച്ചുപോകുന്ന കരാറുകാരെ കരിമ്പട്ടികയിലുള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പെരിയാര്‍ വാലി ജലസേചനപദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാധ്യതകളുള്ളതായി പി.ടി.തോമസ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. 1970ല്‍ തുടങ്ങി 48 വര്‍ഷം പിന്നിട്ടിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ല. ജലസേചനപദ്ധതികളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും 15 കോടി രൂപവരെ പദ്ധതിയ്ക്കായി നേടിയെടുക്കാന്‍ സാധിക്കും. ഈ അവസരം പ്രയോജനപ്പെടുത്തണം. കനാലിന്റെ വശങ്ങള്‍ കാടുമൂടിയത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വൃത്തിയാക്കുന്ന കാര്യം ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്ത് കനാല്‍ ഭൂമിയില്‍ താമസിക്കുന്ന 20 വീട്ടുകാരെ സംസ്ഥാനസര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി പുനരധിവസിപ്പിക്കണം. അതിന് കാലതാമസം നേരിടുമെങ്കില്‍ ഇവര്‍ക്ക് ഭവനസമുച്ചയം പണിയാന്‍ നഗരസഭ പരിധിയില്‍ 15 സെന്റ് സ്ഥലം വാങ്ങി നല്‍കാനുള്ള സാധ്യത അനേ്വഷിക്കാന്‍ തൃക്കാക്കര നഗരസഭ സെക്രട്ടറിയ്ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഇടപ്പള്ളിയില്‍ എം.കെ.കോംപ്ലക്‌സില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കെതിരെ നടപടിയെടുക്കാന്‍ തൃക്കാക്കര നഗരസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ക ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ടുപോകാന്‍ നഗരസഭ സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇനിമുതല്‍ രോഗികളെ പ്രവേശിപ്പിക്കില്ലെന്ന ബോര്‍ഡ് പൊതുജനം കാണത്തക്കരീതിയില്‍ ആശുപത്രിക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കുണ്ടന്നൂര്‍- ഇടപ്പള്ളി റോഡില്‍ പുഴയുടെ സമീപത്തെ പാതയോരത്ത് വന്‍ തോതില്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെന്നും പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണണമെന്നും പി ടി തോമസ് എം.എല്‍.എ. ആവശ്യപ്പെട്ടു. സര്‍വ്വീസ് റോഡുകളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഗതാഗതയോഗ്യമാക്കിയാല്‍ ദേശീയപാതയിലെ യാത്രാക്കുരുക്ക് ഒഴിവാക്കാമെന്നും അദ്ദേഹം പഞ്ഞു.
നിര്‍മാണമേഖല സജീവമാകുന്ന സമയമാണെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി എല്‍ദോ എബ്രഹാം എം.എല്‍.എ. അഭിപ്രായപ്പെട്ടു. ജില്ലയിലെ പാറമടകള്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പ്രശ്‌നപരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയവയ്ക്കും അനുമതി നല്‍കണം. നിബന്ധനകള്‍ക്കതീതമായി പാറമടകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഗ്രാമീണ റോഡുകള്‍ തകരുമെന്നതിനാല്‍ ഇവിടെനിന്നും അമിതഭാരം കയറ്റി വലിയ വാഹനങ്ങള്‍ പോകുന്നത് അനുവദിക്കരുത്. മണലിന്റെ ഉയര്‍ന്ന വിലയാണ് മറ്റൊരു തടസ്സം. പ്രളയത്തിനുശേഷം പുഴകളിലെല്ലാം വന്‍തോതില്‍ മണലടിഞ്ഞിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഏറ്റെടുത്ത് ലേലം ചെയ്യുകയോ സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യണം. മണല്‍വാരല്‍ പുനരാരംഭിക്കുകയാണ് ഫലപ്രദമായ മാര്‍ഗ്ഗം. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മണല്‍വാരല്‍ പുനരാരംഭിക്കാവുന്നതാണ്. കോതമംഗലം, പിറവം, കൂത്താട്ടുകുളം പ്രദേശങ്ങള്‍ ഇതിനനുയോജ്യമാണ്. പ്രളയത്തോടെ പുഴയിറമ്പുകള്‍ ഇടിയുകയുംപുഴയോടു ചേര്‍ന്ന പറമ്പുകളും തകര്‍ന്നിട്ടുണ്ട്. ഇവ പൂര്‍വ്വസ്ഥിതിയിലാക്കണം. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ജില്ലയ്ക്ക് നേടിയെടുക്കാന്‍ ഇതുവഴി സാധിക്കും. മണല്‍വാരല്‍ പുന:സ്ഥാപിയ്ക്കുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുന്നതിനു പുറമേ പഞ്ചായത്തുകള്‍ക്ക് വരുമാനമാര്‍ഗ്ഗവും നിര്‍മ്മാണമേഖലയില്‍ കുതിപ്പുമുണ്ടാകും. സ്ഥലപരിമിതി മൂലം ആയവന ഗ്രാമപഞ്ചായത്തിലെ ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സമീപത്തെ എല്‍.പി.സ്‌കൂളിന്റെ പ്രവര്‍ത്തനം ബാലാവകാശ കമ്മീഷന്‍ നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്. 1.64 കോടി രൂപ ടെക്‌നിക്കല്‍ സ്‌കൂളിന് സ്ഥലം വാങ്ങാനായി ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് മൂന്നേക്കര്‍ ഭൂമി വാങ്ങുകയെന്നതാണ് ദൗത്യം. ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം അറിയിച്ചു. കാലടി - പെരുമ്പാവൂര്‍ പ്രദേശങ്ങളിലെ പ്ലൈവുഡ് വ്യവസായത്തിന്റെ മറവില്‍ പാടശേഖരങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള അനധികൃത ഷെഡ്ഡുകള്‍ പൊളിച്ചുനീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്ലാനിങ് ഓഫീസര്‍ അനിത ഏലിയാസ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments