*കോഴിപ്പിള്ളി പരത്തറ കണ്ടം ചെക്ക് ഡാമിന് സമീപത്തെ മുങ്ങിമരണങ്ങൾ: നടപടി വേണമെന്ന് താലൂക്ക് വികസന സമിതി
കോഴിപ്പിള്ളി പരത്തറ കണ്ടം ചെക്ക് ഡാമിന് സമീപം മുങ്ങിമരണങ്ങൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ പ്രദേശത്ത് ദുരന്ത നിവാരണ നിയമം പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗം. ഇക്കാര്യം ശുപാർശ ചെയ്തുകൊണ്ട് ജില്ലാ കളക്ടർക്ക് അടിയന്തര റിപ്പോർട്ട് നൽകണമെന്ന് യോഗം തഹസിൽദാരോട് നി൪ദേശിച്ചു.
കോതമംഗലം നഗരസഭയിലെയും കീരംപാറ ഗ്രാമപഞ്ചായത്ത് ഉൾപ്പടെയുള്ള വിവിധ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടി ജലവിതരണം തടസ്സപ്പെടുന്ന നിലയിലാണുള്ളത്. അടിയന്തിരമായി അറ്റകുറ്റപ്പണികൾ പൂ൪ത്തിയാക്കി ജല വിതരണം പുനസ്ഥാപിക്കാൻ വാട്ട൪ അതോറിറ്റിയോടും പൊതുമരാമത്ത് വകുപ്പിനോടും യോഗം ആവശ്യപ്പെട്ടു.
കോതമംഗലം താലൂക്കിലെ വനമേഖലയോട് ചേ൪ന്നുള്ള പ്രദേശങ്ങളിലെ വന്യമൃഗ ശല്യം തടയുന്നതിനായി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിങ്, ഹാങ്ങിങ് ഫെ൯സിംഗ്, ട്രഞ്ചിങ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം.
കോതമംഗലം ബൈപ്പാസ് റോഡ്, തങ്കളം- കാക്കനാട് റോഡ് എന്നിവയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് നൈറ്റ് പട്രോളിങ് ശക്തമാക്കണം. നോ പാ൪ക്കിംഗ് സൈ൯ ബോ൪ഡുകൾ നഗരത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ സ്ഥാപിക്കണം. അമിത വേഗത മൂലം ഉണ്ടാകുന്ന വാഹന അപകടങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രധാന പാതകൾക്ക് പുറമെ ഗ്രാമീണ റോഡുകളിലും പോലീസിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും കൃത്യമായ നിരീക്ഷണം ഉണ്ടാകണം.
ടൗണിലെ ബൈപ്പാസ് റോഡ് ഉൾപ്പെടെയുള്ള വിവിധ റോഡുകളിലെ അനധികൃത പാ൪ക്കിംഗ് നിയന്ത്രിക്കണം. വാഹന പരിശോധനയിൽ ഉടമകളുടെ ഇ൯ഷുറ൯സ്, ലൈസ൯സ് എന്നിവ കാലഹരണപ്പെട്ടതാണോ എന്ന് പരിശോധിക്കണം. താലൂക്കിലെ പട്ടയ അപേക്ഷകളിന്മേൽ സമയബന്ധിതമായി തീ൪പ്പ് കൽപ്പിക്കണമെന്ന് തഹസിൽദാ൪, സ്പെഷ്യൽ തഹസിൽദാ൪ എന്നിവ൪ക്ക് യോഗം നി൪ദേശം നൽകി. കോതമംഗലം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോ൪ട്ടം സംബന്ധിച്ച പ്രശ്നങ്ങളും യോഗത്തിൽ ച൪ച്ചയായി.
ആന്റണി ജോൺ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ നഗരസഭ ചെയ൪മാ൯ കെ.കെ ടോമി, തഹസിൽദാ൪ എം. അനിൽകുമാ൪, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ഗോപി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാ൯ കെ.എ നൗഷാദ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.റ്റി ബെന്നി, ബേബി പൗലോസ്, അഡ്വ. പോൾ മുണ്ടയ്ക്കൽ, വിവിധ വകുപ്പ് മേധാവികൾ എന്നിവ൪ പങ്കെടുത്തു.
- Log in to post comments