ഹോട്ടലുകളിലെ പ്രവേശന കവാടങ്ങളിലെ അടുക്കള സംവിധാനം മാറ്റി സ്ഥാപിക്കണം
ഹോട്ടലുകൾ, ഭക്ഷണശാലകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങൾക്ക് മുന്നിലുള്ള അടുക്കള സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കാ൯ നിർദേശം നൽകി മരട് നഗരസഭ. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് നിർദ്ദിഷ്ട അടുക്കളകളിൽ അല്ലാതെ സ്ഥാപനത്തിന്റെ മുൻഭാഗത്ത് കെട്ടിയുണ്ടാക്കിയ താൽക്കാലിക അടുക്കള സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കാനാണ് നിർദേശം നൽകിയത്. കഴിഞ്ഞദിവസം കണ്ണാടിക്കാട് ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് തീരുമാനം.
മതിയായ സൗകര്യങ്ങൾ ഇല്ലാതെയാണ് പ്രവേശന കവാടങ്ങൾക്ക് മുന്നിൽ അടുക്കള ഒരുക്കുന്നത്. വെന്റിലേഷൻ സൗകര്യങ്ങൾ ഇല്ലാത്തതുമൂലം ക്രമാതീതമായി ചൂട് വർധിക്കുകയും തീ പടർന്ന് ജീവനും സ്വത്തിനും നാശനഷ്ടങ്ങളും അപകടങ്ങളും സംഭവിക്കുന്നതിന് സാഹചര്യമുണ്ടാകുകയും ചെയ്യുന്നു. ഹോട്ടലുകളിൽ അഗ്നി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നി൪ദേശിച്ചു.
രാത്രി ഏറെ വൈകിയതിനാൽ ഉപഭോക്താക്കൾ ഇല്ലാത്ത സമയത്ത് ഉണ്ടായ തീപിടിത്തം ആയതിനാൽ ആളപായമുണ്ടായില്ല. എന്നിരുന്നാലും ആളുകൾക്ക് പുറത്തേക്ക് ഇറങ്ങാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതും പ്രവേശന കവാടത്തിനു മുൻപിൽ ഉണ്ടായ ഈ തീപിടിത്തം വളരെ ഗൗരവമായി കാണുമെന്നും
നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അറിയിച്ചു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ലൈസൻസ് പ്രകാരം പ്രവേശന കവാടത്തിന് മുമ്പിൽ നിന്ന് അടുക്കള മാറ്റി സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും ചെയർമാൻ പറഞ്ഞു.
- Log in to post comments