തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കണം; ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ നൈപുണ്യ വികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് സംയുക്ത പദ്ധതികളും ആസൂത്രണം ചെയ്യാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജനകീയാസൂത്രണവും നവകേരള മിഷനും പോലെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനമാണ് കേരള നോളജ് ഇക്കണോമിക് മിഷന്‍. ഇതിന്റെ ഭാഗമായി അഭ്യസ്ഥവിദ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയും തൊഴില്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന നൈപുണ്യ പരിശീലന പദ്ധതികളിലൂടെ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നേടി കൊടുക്കാന്‍ സാധിക്കും. നൈപുണ്യ വികസന പ്രവര്‍ത്തങ്ങള്‍ക്കായി ഗ്രാമ പഞ്ചായത്തുകള്‍ 10ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും ഇതിനായി മാറ്റി വെക്കണമെന്നാണ് നിര്‍ദേശം ജില്ലാ പഞ്ചായത്ത് ഇതിനായി 90 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്ത പദ്ധതികളും ആവിഷ്‌കരിക്കാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സെമിനാർ 12ന് ഡോ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും
നോളജ് ഇക്കണോമിക് മിഷന് നേതൃത്വം നല്‍കുന്ന മുന്‍ ധനകാര്യമന്ത്രി ടി.എം തോമസ് ഐസക് മാര്‍ച്ച് 12ന് കാസര്‍കോട് ജില്ലയില്‍ എത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇതിന്റെ ഭാഗമായി ഒരു സെമിനാര്‍ ക്ലാസ് നടത്തുകയും ചെയ്യും. സിറ്റി ടവറില്‍ നടത്തുന്ന ഈ പരിപാടിയില്‍ മുഴുവന്‍ ജനപ്രതിനിധികളും ഭാഗമാകണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സമം 14, 15 , 16 തീയതികളിൽ
ജില്ലാ പഞ്ചായത്ത് മാര്‍ച്ച് 14,15,16 തീയതികളില്‍ മടിക്കൈ ടി.എസ് തിരുമുമ്പ് സാംസ്‌കാരിക സമുചയത്തില്‍ നടക്കുന്ന സമം സാംസ്‌കാരികോത്സവത്തിന് മുഴുവന്‍ ജനപ്രതിനിധികളുടെയും പിന്തുണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപെട്ടു. 14ന് വൈകുന്നേരം സാംസ്‌കാരിക ഘോഷയാത്ര, തുടര്‍ന്ന് സാംസ്‌കാരിക സദസ്, നാടകം എന്നിവ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വനിതാ ജനപ്രതിനിധികളും വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചതുമായ വനിതകളും വിവിധ പരിപാടികളുടെ ഭാഗമാകും. ജില്ലയുടെ അഭിമാന പദ്ധതികളിലൊന്നായ ടി. എസ് തിരുമുമ്പ് സാംസ്‌കാരിക സമുചയത്തില്‍ നടക്കുന്ന ഈ പരിപാടികളില്‍ എല്ലാവരും പങ്കാളികളാവണമെന്നും പഞ്ചായത്ത് പ്രസിഡന്റ്റ് പറഞ്ഞു.
മാര്‍ച്ച് 10ന് ധനകാര്യകമ്മീഷന്‍ കാസര്‍കോട് ജില്ല സന്ദര്‍ശിക്കും
മാര്‍ച്ച് 10ന് ധനകാര്യകമ്മീഷന്‍ കാസര്‍കോട് ജില്ല സന്ദര്‍ശിക്കുമെന്നും ഉച്ചയ്ക്ക് രണ്ടിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത ജന പ്രതിനിധികളുമായി സംവദിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിയില്‍ 2023 24 വര്‍ഷത്തെ മികച്ച സേവനത്തിനുള്ള ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡിന് അര്‍ഹനായ ജില്ലാകളക്ടറെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.
ജില്ലയിലെ 47 അങ്കണവാടികള്‍ക്ക് സ്ഥലം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഭൂമി ലഭ്യമല്ലാത്തതാണ് ഇതിന് കാരണമെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. ഈ പ്രതിസന്ധി മറികടക്കുന്നതിനായി സ്വകാര്യ ഭൂമികള്‍ കണ്ടെത്തി പ്രോജക്ട് തയ്യാറാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അങ്കണവാടികള്‍ സ്വന്തം അങ്കണവാടികൾ ആകുന്നതോടുകൂടി ജില്ലക്ക് അതൊരു ഐഡന്റിറ്റിയായി മാറും. ഇതുപോലെ സ്ഥലം കണ്ടെത്തുകയും കണ്ടെത്തിയ സ്ഥലങ്ങള്‍ പിന്നീട് വിവിധ കമ്പനികളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചോ അല്ലെങ്കില്‍ കാസർകോട് വികസന പാക്കേജിൽ ഉള്‍പ്പെടുത്തിയോ ഏറ്റെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ജില്ല ആസൂത്രണ സമിതിയുടെ ഭാഗമായി 48 തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി ഭേദഗതികള്‍ സമര്‍പ്പിച്ചു. ഇതില്‍ 46 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികളും അംഗീകരിച്ചു. രണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പരിശോധിച്ചതിനു ശേഷം അംഗീകരിക്കുമെന്നും ആസൂത്രണ സമിതി അറിയിച്ചു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ശകുന്തള,എം.മനു, അഡ്വ എസ്.എന്‍ സരിത, ഗീതാ കൃഷ്ണന്‍, ഡി.പി.സി അംഗങ്ങളായ സി.ആര്‍ രാമചന്ദ്രന്‍, വി.വി രമേശന്‍, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, അഡ്വ എ.പി ഉഷ, ജാസ്മിന്‍ കബീര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments