ജില്ലയിലെ ആദ്യ മാലിന്യ മുക്ത ഹരിത പഞ്ചായത്തായി തോളൂര്‍
തോളൂര്‍ ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ആദ്യ മാലിന്യ മുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടല്‍ ഹരിത പ്രഖ്യാപനത്തിലൂടെ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. പറപ്പൂര്‍ സെന്റ് ജോണ്‍സ് ഫൊറൊന പള്ളി വികാരി ഫാ. സെബി പുത്തൂര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി അനൂപ്കുമാര്‍ പഞ്ചായത്തില്‍ നടത്തിയ മാലിന്യം നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
മാലിന്യ മുക്ത പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കിയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. 'തെളിമയോടെ തോളൂര്‍' ക്യാംപയിനിലൂടെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ സമിതിയും പൊതുജനങ്ങളും വ്യാപാരികളും സ്ഥാപനങ്ങളും സ്‌കൂളുകളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് നേതൃത്വം നല്‍കി. ആദ്യഘട്ടത്തില്‍ ബോധവത്ക്കരണവും ക്ലാസ്സുകളും നല്‍കിയിരുന്നു. വീടുകളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഹരിത കര്‍മ്മസേനയും സജീവമായിരുന്നു. ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌ക്കരിച്ച് വളമാക്കാന്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലൂടെ ബയോബിന്നുകളുടെയും ബയോഗ്യാസിന്റെയും വിതരണവും നടത്തി.
'ഇനിയും പുഴയൊഴുകട്ടെ' ക്യാംപയിനിലൂടെ പൊതുകുളങ്ങളും തോടുകളും വൃത്തിയാക്കി. 'വലിച്ചെറിയല്‍' ക്യാംപയിനിലൂടെ മാലിന്യം ഏറെ വലിച്ചെറിയപ്പെട്ടിരുന്ന മുള്ളൂര്‍ കായല്‍ പരിസരം ഉള്‍പ്പെടെ പൊതു റോഡുകളും മെയിന്‍ സെന്ററുകളും വൃത്തിയാക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം സമേതം പരിപാടിയിലൂടെ റാലിയും മത്സരങ്ങള്‍ നടത്തുകയും ചെയ്തു. 'മാലിന്യ മുക്ത നവകേരളം' ജനകീയ ക്യാംപയിന്റെ ഭാഗമായി തോളൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത പ്രഖ്യാപന സമയത്ത് സ്ഥാപനങ്ങളും, അയല്‍ക്കൂട്ടങ്ങളും വിദ്യാലയങ്ങളും അങ്കണവാടികളും നൂറു ശതമാനം ഹരിത പദവി നേടി. ഈ സ്ഥാപനങ്ങള്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
പഞ്ചായത്തിലെ പൊതു ഇടങ്ങളും, സെന്ററുകളും മാര്‍ക്കറ്റും മാലിന്യമുക്തമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുള്ളൂര്‍ കായല്‍ റോഡില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത് മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് പിന്‍തിരിയാന്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് പ്രേരകമായ സാഹചര്യത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന പൊതു ഇടങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറ സ്ഥാപനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പറപ്പൂര്‍ പള്ളിയുടെയും സഹകരണത്തോടെ സ്ഥാപിക്കും.
ജനപ്രതിനിധികളായ ഷീന വില്‍സണ്‍, സരസമ്മ സുബ്രമണ്യന്‍, കെ.ജി പോള്‍സണ്‍, വി.കെ രഘുനാഥന്‍, കെ.ആര്‍ സൈമണ്‍, ഷീന തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഡ്വ. സി. ലൈജു, എടക്കളത്തൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ജോബ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി.പി. ജോണി, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. സ്ഥാപന മേധാവികള്‍, പ്രധാനധ്യാപകര്‍, അങ്കണവാടി ജീവനക്കാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതു ജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments