അനാരോഗ്യകരമായ ഭക്ഷണശീലവും ജീവിതശൈലിയും രോഗാതുരമായ ജനതയെ സൃഷ്ടിക്കുന്നെന്ന് കൃഷി മന്ത്രി പി പ്രസാദ്
മലയാളികളുടെ അനാരോഗ്യകരമായ ഭക്ഷണ ശീലവും ജീവിതശൈലിയും രോഗാതുരമായ ഒരു ജനതയെ സൃഷ്ടിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. കായക്കൊടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തളീക്കര മാങ്ങോട്ട് വയലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ ഭക്ഷണ സംസ്കാരം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവ ഇന്ന് മലയാളികൾക്കിടയിൽ വ്യാപകമായിരിക്കുന്നു. ഇത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിക്കും എന്നുള്ളതുകൊണ്ട് സർക്കാർ ഗൗരവമായാണ് കാണുന്നത്. വിഷവും മായവും കലർന്ന ഭക്ഷ്യ പദാർത്ഥങ്ങളിൽ നിന്ന് മലയാളി പിന്തിരിയേണ്ടതുണ്ട്.
'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട കൃഷിക്കൂട്ടങ്ങളുടെയും കർഷകോല്പാദക സംഘങ്ങളുടെയും നേതൃത്വത്തിൽ സമഗ്ര കാർഷിക വികസനത്തിനായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ നാം ഇന്ന് പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയോട് അടുക്കുകയാണ്.
വിവിധ പദ്ധതികളിലൂടെ ഓരോ പ്രദേശത്തെയും തരിശുനിലങ്ങൾ വിളകൾ ഇറക്കി ഹരിതാഭമാക്കാൻ സാധിക്കും. പഴം, പച്ചക്കറി മറ്റ് ധാന്യ- നാണ്യവിളകൾ എന്നിവ ജൈവ രീതിയിൽ ഉൽപ്പാദിപ്പിക്കുന്നതിനു അനുയോജ്യമായ ആവാസവ്യവസ്ഥയാണ് നമുക്കുള്ളത്. പച്ചക്കറി, പഴം, കിഴങ്ങുവർഗ്ഗവിളകൾ എന്നിവയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ കേരളത്തിന് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീന കെ കെ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ല കൃഷി ഓഫീസർ സപ്ന എസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ രൂപ നാരായണൻ, അജയ് അലക്സ്, കുന്നുമ്മൽ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ നൗഷാദ് കെ ഇ എന്നിവർ സംസാരിച്ചു.
കർഷകം പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിൽ ഒ പി സ്വാഗതവും കൃഷി ഓഫീസർ ശ്രീഷ എം നന്ദിയും പറഞ്ഞു.
- Log in to post comments