ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം; ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പയിനില്‍ ജില്ലയില്‍ 42% സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി
*സംസ്ഥാന ശരാശരിയില്‍ ഒന്നാം സ്ഥാനത്ത്
സംസ്ഥാന സര്‍ക്കാറിന്റെ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പയിനിൽ 30 വയസ്സിന് മുകളില്‍ പ്രായമായ 42 % സ്ത്രീകളുടെ സ്‌ക്രീനിംഗ് പൂര്‍ത്തികരിച്ച് ഇടുക്കി ജില്ല സംസ്ഥാന ശരാശരിയില്‍ ഒന്നാം സ്ഥാനത്ത് എത്തി. ജില്ലയില്‍ 1,31,569 സ്ത്രീകളുടെ സ്‌ക്രീനിംഗ് ആണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. ഇതില്‍ സ്താനാര്‍ബുദത്തിന്റെ സ്‌ക്രീനിംഗ് 1,20,427 സ്ത്രീകളില്‍ നടത്തുകയും സംശയമുളള 860 സ്ത്രീകളെ വിദഗ്ധ പരിശോധനയ്ക്കായി റഫര്‍ ചെയ്യുകയും ചെയ്തു. ഗര്‍ഭാശയഗള ക്യാന്‍സര്‍ ക്രീനിംഗിന് വിധേയരായ ആളുകളുടെ എണ്ണം 1,08,388 ആണ്. ഇതില്‍ നിന്നും 990 പേരെയാണ് വിദഗ്ധ പരിശോധനക്ക് റഫര്‍ ചെയ്തിരിക്കുത്. വായിലെ ക്യാന്‍സര്‍ സ്‌ക്രീനിംഗിന് 99,514 പേര്‍ വിധേയരായി. ഇതില്‍ നിന്നും 174 പേരെയാണ് റഫര്‍ ചെയ്തിരിക്കുത്. റഫറല്‍ സംവിധാനത്തില്‍ ഗവണ്‍മെന്റ് ആശുപത്രികളുടേയും പ്രൈവറ്റ് ആശുപത്രികളുടെയും സേവനം കാമ്പയിന്‍ മുഖാന്തിരം ഉറപ്പാക്കിയിരുന്നു. ഇത്തരത്തില്‍ റഫര്‍ ചെയ്തവരില്‍ ഇതുവരെ 8 പോസിറ്റീവ് ആയവരെ കണ്ടെത്തി. ഇതില്‍ 7 സ്താനാര്‍ബുദ രോഗികളും ഒരു ഗര്‍ഭാശയഗള ക്യാന്‍സര്‍ രോഗിയും ഉള്‍പ്പെടുന്നു. ജില്ലയിലെ 30 വയസിന് മുകളില്‍ പ്രായമുളള 3,12,254 സ്ത്രീകളിലും സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
* സ്‌പെഷ്യല്‍ ക്യാമ്പുമായി ആരോഗ്യവകുപ്പ് ടീം ഇടമലക്കുടിയിലും
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, സ്മിതാ ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ഏകഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ സംഘടിപ്പിച്ച ക്യാമ്പയിന് മെഡിക്കല്‍ ഓഫീസര്‍മാര്‍ നേതൃത്വം നല്‍കി. ക്യാമ്പയിന്റെ ഭാഗമായി ബോധവത്ക്കരണക്ലാസ്സും, സ്‌ക്രീനിംഗ് ക്യാമ്പും, ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുടികളില്‍ സന്ദര്‍ശനവും, ബോധവത്ക്കരണവും സംഘടിപ്പിച്ചു. 51 സ്ത്രീകളെ ക്യാന്‍സര്‍ സ്‌ക്രീനിംഗിന് വിധേയരാക്കുകയും 23 പാപ്‌സ്മിയര്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു.
- Log in to post comments