സംരംഭകർക്കായി ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
സൂക്ഷ്മ ചെറുകിട ഇടത്തരം സാരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യംവെച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ആർ.എ.എം.പി പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ഏറനാട് താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ മഞ്ചേരി ഇന്ത്യൻ മാളിൽ നടന്ന പരിപാടി മഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ഏറനാട് ഉപജില്ലാ വ്യവസായ ഓഫീസർ എം. ശ്രീരാജ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി മുജീബ് റഹ്‌മാൻ സംസാരിച്ചു. മഞ്ചേരി വ്യവസായ വികസന ഓഫീസർ സന്തോഷ് കുമാർ സ്വാഗതവും മലപ്പുറം വ്യവസായ വികസന ഓഫീസർ സൂരജ് ബാബു നന്ദിയും പറഞ്ഞു. 29 ബാങ്ക് പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ എസ്.ഐ.ഡി.ബി.ഐ, കെ.എഫ്.സി തുടങ്ങിയ സ്ഥാപനങ്ങൾ അവരുടെ പദ്ധതികളെക്കുറിച്ച് ക്ലാസ്സെടുത്തു. പരിപാടിയിൽ 48 കോടി രൂപയുടെ 145 അപേക്ഷകൾ ലഭിച്ചു. ഇതിൽ 24 അപേക്ഷകളിൽ നിന്നായി 2.81 കോടി രൂപയുടെ വായ്പ അനുമതി നൽകി. 20 കോടി രൂപയുടെ 53 പുതിയ അപേക്ഷകളും പരിപാടിയിൽ ബാങ്കുകൾ സ്വീകരിച്ചു. ഈ സാമ്പത്തിക വർഷത്തിൽ കൂടുതൽ ലോൺ നൽകിയ കേരള ഗ്രാമീണ ബാങ്ക്, എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവരെ ആദരിച്ചു. കേരള ഗ്രാമീണ ബാങ്ക് 27 സംരംഭകർക്കായി 3.28 കോടിയും എസ്.ബി.ഐ 13 സംരംഭങ്ങൾക് 2.5 കോടിയും കനറാ ബാങ്ക് 12 സംരംഭങ്ങൾക് 1.06 കോടി രൂപയുമാണ് ലോൺ നൽകിയത്. കൂടുതൽ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന സംരംഭങ്ങളുടെ പ്രൊഫൈൽ അവതരണം നടന്നു.
- Log in to post comments