Skip to main content
നഗര സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് വൈക്കം നഗരസഭാ ഹാളിൽ സി.കെ. ആശ എം.എൽ.എ, ജില്ലാകളക്ടർ ജോൺ വി. സാമുവൽ  എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ആലോചനായോഗം

നഗര സൗന്ദര്യ വൽക്കരണം: വൈക്കത്ത്  ആലോചനായോഗം ചേർന്നു 

  മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന  നഗര സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട്  വൈക്കത്ത് ആലോചനായോഗം ചേർന്നു.  വൈക്കം നഗരസഭാ ഹാളിൽ  ചേർന്ന യോഗത്തിൽ  സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പദ്ധതി വിശദീകരിച്ചു. 
ക്ഷേത്രനഗരി കൂടിയായ  വൈക്കത്തെ പ്രധാന പാതകൾ, നഗരസഭയും പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ, റൗണ്ടാനകൾ, കനാലുകൾ എന്നിവ  ആദ്യ ഘട്ടത്തിൽ സൗന്ദര്യ വൽക്കരിക്കും. ഈ സ്ഥലങ്ങളിലെ  പാതകളുടെ ഇരുവശത്തും ചെടികൾ നട്ടുവളർത്തി പരിപാലിക്കും. 
വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷാ തൊളിലാളികൾ, ചുമട്ടു തൊഴിലാളികൾ, റെസിഡൻസ് അസോസിയേഷനുകൾ സ്‌കൂളുകൾ തുടങ്ങിയവരുടെ സഹകരണത്തോടെ  പരിപാലനം ഉറപ്പാക്കും. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. നഗരസഭയിലെ 26 വാർഡുകളും അതത് നഗരസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ ആണ് സൗന്ദര്യ വൽക്കരിക്കുന്നത്. ഏപ്രിൽ 15 ന്  എല്ലാ വാർഡുകളിലും ഒരുപോലെ സൗന്ദര്യ വൽക്കരണം ആരംഭിക്കും. മേയ് അവസാനത്തോടെ പൂർത്തിയാകും. വൈസ് ചെയർമാൻ പി.ടി. സുഭാഷ് കൺവീനർ ആയുള്ള സമിതി പദ്ധതിയുടെ മേൽനോട്ടം വഹിക്കും.
നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭാംഗങ്ങൾ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ, മാലിന്യമുക്ത നവകേരളം   കോ -ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, വൈക്കം തഹസിൽദാർ  എ.എൻ. ഗോപകുമാർ , നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ശുചിത്വ മിഷൻ പ്രോഗ്രാം  ഓഫീസർ നോബിൾ സേവ്യർ ജോസ് എന്നിവർ പങ്കെടുത്തു. 

date