ബഡ്‌സ് സ്‌കൂളുകൾക്ക് സംഗീതോപകരണങ്ങൾ വിതരണം ചെയ്തു
ഇലക്ട്രിക് കീബോർഡിൽ വിരലോടിച്ചും ചെണ്ടയിൽ താളം പിടിച്ചും ബഡ്‌സ് സ്‌കൂൾ വിദ്യാർഥികൾ സംഗീതത്തിന്റെ പുതിയ ലോകം തീർത്തപ്പോൾ കാഴ്ചക്കാരിൽ വിസ്മയം. ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ബഡ്‌സ്, സി.ആർ.സി സ്ഥാപനങ്ങൾക്ക് സംഗീതോപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടി വിദ്യാർഥികളുടെ കലാമികവുകൊണ്ട് ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി.
കണ്ണൂർ ജില്ലയിലെ 25 ബഡ്‌സ്, സിആർസി സ്ഥാപനങ്ങൾക്കാണ് അഞ്ച് ലക്ഷം രൂപ ചെലവിട്ട് സംഗീതോപകരണങ്ങൾ വിതരണം ചെയ്തത്. മാടായി, മാട്ടൂൽ, മുണ്ടേരി, ഉളിക്കൽ, പയ്യാവൂർ ഹൃദയം, കുറുമാത്തൂർ, എരഞ്ഞോളി, ചൊക്ലി, അഞ്ചരക്കണ്ടി ബി.ആർ.സി, മയ്യിൽ ബി.ആർ.സി, കരിവെള്ളൂർ, ഇരിക്കൂർ, കുറ്റിയാട്ടൂർ, വേങ്ങാട് ബഡ്‌സ് സ്‌കൂൾ എന്നിവക്ക് ഇലക്ട്രിക് കീബോർഡുകൾ വിതരണം ചെയ്തു. രാമന്തളി പ്രതീക്ഷ, പാട്യം, മാങ്ങാട്ടിടം, ചെറുതാഴം ബി.ആർ.സി, കോളയാട്, ചെറുപറമ്പ്, കൊളച്ചേരി, പാപ്പിനിശ്ശേരി, ചെമ്പിലോട് ബി.ആർ.സി, പിണറായി ബഡ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ചെണ്ടകളും വിതരണം ചെയ്തു. കതിരൂർ ബഡ്‌സ് സ്‌കൂളിന് ബേസ് ഡ്രം ആണ് വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി ജയൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.കെ സുരേഷ് ബാബു, അഡ്വ. ടി സരള, യു.പി ശോഭ, എം.വി ശ്രീജിനി, സെക്രട്ടറി റ്റൈനി സൂസൻ ജോൺ, കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി കെ വിജിത്ത് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments