ആകാംക്ഷയും അറിവും നിറച്ച് മോക്ഡ്രിൽ
നാട്ടുകാരിൽ ആകാംക്ഷയും അറിവും നിറച്ച് വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ല ദുരന്ത നിവാരണ അതോറിറ്റി , കില എന്നിവ സംയുക്തമായി ചെങ്ങന്നൂരിലെ പാണ്ടനാട് പഞ്ചായത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ പ്രയാർ ഭാഗത്താണ് മോക്ഡ്രിൽ നടന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായാണ് മോക് ഡ്രിൽ നടത്തിയത്. ജില്ലയിലെ ചെറിയനാട്, വെണ്മണി, മുളക്കുഴ, ആല, പുലിയൂർ, ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ, മാന്നാർ, ചെന്നിത്തല ത്രിപ്പെരുന്തുറ, എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മോക് ഡ്രിൽ പരിശീലനമാണ് സംഘടിപ്പിച്ചത്. വൈകിട്ട് 3:30 ന് ആരംഭിച്ച മോക് ഡ്രില്ലിൽ പൊലീസ്, അഗ്നിരക്ഷ സേന, കെ എസ് ആർ ടി സി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോർ വാഹന വകുപ്പ്, കെ എസ് ഇ ബി, ജല അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് നടന്നത്.
ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം കെ ബിനുകുമാർ മോക് ഡ്രില്ലിന് നേതൃത്വം നൽകി. തുടർന്ന് നടന്ന അവലോകന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) സി പ്രേംജി, അസിസ്റ്റന്റ് ഡയറക്ടർ (എൽ എസ് ജി ഡി) സന്തോഷ് മാത്യൂ, ചെങ്ങന്നൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശോഭ വർഗീസ്, ചെങ്ങന്നൂർ തഹസിൽദാർ അശ്വനി അച്യുതൻ, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മാളുക്കുട്ടി സണ്ണി, കില കോർഡിനേറ്റർ ശ്രീകുമാർ, ഹസാർഡ് അനലിസ്റ്റ് സി ചിന്തു,വിവിധ ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
- Log in to post comments