Skip to main content

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തൽ സമ്പൂർണ്ണ പുകയില രഹിത വിദ്യാലയം പ്രഖ്യാപനം നടത്തി

സംസ്ഥാന സർക്കാരിന്റെ ലഹരി രഹിത വിദ്യാഭ്യാസസ്ഥാപന നയത്തിന്റെയും ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെയും ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ പുകയില രഹിത വിദ്യാലയം പ്രഖ്യാപനം നടത്തി. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായി വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ഒന്നിച്ച് പോരാടണമെന്നും അതിലൂടെ സമ്പൂർണ്ണ പുകയില രഹിത സംസ്ഥാനമായി നമുക്ക് മാറാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച്  സ്കൂൾതല ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സമ്പൂർണ്ണത കൈവരിച്ച  ഗ്രാമപഞ്ചായത്തായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് മാറി. പഞ്ചായത്തിന് കീഴിലെ 14 സ്കൂളുകളും ഒരു കോളേജുമാണ് സമ്പൂർണ്ണ പുകയിലരഹിതമായി പ്രഖ്യാപിച്ചത്. പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ 2022 ഓഗസ്റ്റ് മാസം മുതൽതന്നെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപനമാകുന്നതിനുള്ള അവലോകന സ്കോർ ബോർഡിൽ 100 ൽ 90 മാർക്കിനുമുകളിൽ ലഭിക്കുന്ന സ്കൂളുകൾക്ക് മാത്രമേ പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപന സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കൂടാതെ പഞ്ചായത്തിലെ 95 ശതമാനത്തിന് മുകളിൽ കടകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും പുകവലി പാടില്ല എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത അധ്യക്ഷയായി. വിദ്യാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് മൊമന്റോ എന്നിവയുടെ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ഡോക്യുമെന്ററി പ്രകാശനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ നിർവഹിച്ചു. ആര്യാട് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഇന്ദിരാ തിലകൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ഷാജി, സ്ഥിരംസമിതി അംഗങ്ങളായ പി ജെ ഇമ്മാനുവൽ, ഷീല സുരേഷ്, എൻ എസ് ശാരിമോൾ, ചെട്ടിക്കാട് ആർഎച്ച്റ്റിസി എഎംഒ ഡോ. ജി എസ് പ്രവീൺ, ചെട്ടിക്കാട് എച്ച്ഐ-ആർഎച്ച്റ്റിസി ആർ ഹരിലാൽ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ് ആർ ദിലീപ്കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് കെ എസ് രാമൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

(പിആർ/എഎൽപി/815)

date