മാലിന്യമുക്തമാകാൻ കോട്ടയം പഞ്ചായത്ത്; 17 ന് പ്രഖ്യാപനം
സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കോട്ടയം ഗ്രാമപഞ്ചായത്തിൽ കൂട്ടനടത്തവും വിളംബര ബൈക്ക് റാലിയും സംഘടിപ്പിച്ചു. കുന്നിനുമീത്തലിൽ നിന്നാരംഭിച്ച കൂട്ടനടത്തം ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം. സുനിൽ കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. വിളംബര ബൈക്ക് റാലി വേറ്റുമ്മലിൽ നിന്നാരംഭിച്ച് 14 വർഡുകളിലും പര്യടനം നടത്തി മൗവ്വേരിയിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് എം. ധർമ്മജ, സ്ഥിരം സമിതി അധ്യക്ഷരായ എം.പി. ദിലീപ്കുമാർ, പി ജിഷ, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ ജയപ്രകാശ് പന്തക്ക, ബാലൻ വയലേരി, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്‌സൺ എം.കെ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. മാർച്ച് 17നാണ് കോട്ടയം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നത്.
14 വാർഡുകളിലും ശുചിത്വസഭ, വിളംബര ജാഥ, ശുചിത്വ പ്രഖ്യാപനം എന്നിവ പഞ്ചായത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. 13 വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായും 140 കുടുംബശ്രീ അയൽകൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായും പ്രഖ്യാപിച്ചു. കിണ വക്കൽ, കോട്ടയം പൊയിൽ, ആറാം മൈൽ ടൗണുകൾ ശുചിത്വ ടൗണുകളായി മാറി.
മാലിന്യമുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി 16ന് കോട്ടയം പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ ആചരിക്കും. രാവിലെ എട്ട് മണി മുതൽ 10മണി വരെ വീടുകൾ അടച്ചുപൂട്ടി ശുചീകരണം നടത്തും. വൈകുന്നേരം 5000 കേന്ദ്രങ്ങളിൽ ശുചിത്വ ദീപം തെളിയിക്കും.
- Log in to post comments