ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
വിലക്കയറ്റത്തിന് വിരാമമിടാൻ പൊതുവിപണിയിൽ നിരന്തരം ഇടപെട്ട് എല്ലാ ഘട്ടങ്ങളിലും ജനങ്ങളെ കൊള്ളയടിക്കുന്ന മാർക്കറ്റുകളെ പിടിച്ചുനിർത്താൻ സഹായിക്കുന്ന ഇടപെടലാണ് കൺസ്യൂമർഫെഡ് സമയ-സന്ദർഭോചിതമായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
സഹകരണ, ദേവസ്വം,തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. തൃശൂർ കേച്ചേരിയിൽ കേരള സംസ്ഥാന കൺസ്യുമർ ഫെഡറേഷൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസിയിൽ പുതുതായി നിർമ്മിച്ച അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ദൗത്യവും കൺസ്യൂമർഫെഡ് ഏറ്റെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ മേഖല ഇപ്പോൾ ആധുനിക സേവനരംഗത്തും മെഡിക്കൽ വിദ്യാഭ്യാസരംഗത്തും വലിയ സ്വാധീനം ചെലുത്തിക്കൊണ്ട് പ്രവർത്തനം നയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൺസ്യൂമർഫെഡിൻ്റെ വിദ്യാഭ്യാസരംഗത്തെ ഇടപെടലായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി. കേരള ആരോഗ്യ സർവ്വകലാശാലയുടേയും ഫാർമസി കൗൺസിലിന്റേയും അംഗീകാരത്തോടുകൂടി തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ബി ഫാം, ഡി ഫാം കോഴ്‌സുകളിലായി നിരവധി വിദ്യാർത്ഥികളാണ് പഠനം നടത്തുന്ന്. സഹകരണ വകുപ്പിൽ നിന്നുള്ള പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫണ്ടിൽ നിന്നാണ് കെട്ടിടത്തിന്റെ നിർമ്മാണത്തിനായി അഞ്ചു കോടി രൂപ ലഭിച്ചത്.
മുരളി പെരുനല്ലി എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ എം. സലീം റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനം കേരള ആരോഗ്യ സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ഗോപകുമാർ എസ് നിർവഹിച്ചു. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി എം ഇസ്മായിൽ ചടങ്ങിന് സ്വാഗതം പറഞ്ഞു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗം എ.വി.വല്ലഭൻ, കൺസ്യൂമർഫെഡ് ഡയറക്ടർമാരായ കെ.വി നഫീസ, സി.എ.ശങ്കരൻകുട്ടി, ടി.സി സെബാസ്റ്റ്യൻ, പി ടി എ വൈസ് പ്രസിഡൻറ് പീതാംബരൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഖ സുനിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശാരി ശിവൻ, ചൂണ്ടൽ ഗ്രാമപഞ്ചായത്തംഗം ധനീഷ് ചുള്ളിക്കാട്ടിൽ, ടി.ഡി.എൽ.സി.സി.എസ് ചെയർമാൻ ടി.ജി സജീവ് തുടങ്ങിയവർ പങ്കെടുത്തു. ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ കെ ആർ അനൂപ് നന്ദി പറഞ്ഞു.
- Log in to post comments