രജിസ്ട്രേഷൻ വകുപ്പിന്റെ സമഗ്ര ആധുനികവൽക്കരണം ലക്ഷ്യം : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിനെയാകെ ആധുനികവൽക്കരിച്ചു വരികയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്ര൯. 20 വ൪ഷത്തെ ആധാരങ്ങൾ പൂ൪ണമായും ഡിജിറ്റൈസ് ചെയ്തതിന്റെ പ്രഖ്യാപനവും ഡിജിറ്റൽ എ൯ഡോഴ്സ്മെന്റിന്റെ ഉദ്ഘാടനവും എറണാകുളം ടൗൺഹാളിൽ നി൪വഹിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യവികസനമുൾപ്പെടെയുള്ള ആധുനിക വൽക്കരണം, കമ്പ്യൂട്ടറൈസേഷൻ, ഡിജിറ്റൈസേഷൻ എന്നീ പ്രധാന മൂന്ന് മേഖലകളിലാണ് ഊന്നൽ നൽകിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളും കമ്പ്യൂട്ടർ വൽക്കരിച്ചു. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ പുനർ നിർമിക്കാൻ കിഫ്ബിയുടെ കീഴിൽ പ്രത്യേക പദ്ധതി നടപ്പാക്കി. ഇതിന്റെയെല്ലാം ഫലമായി വിവിധ മേഖലകളിൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നടപടികളിൽ വിവിധ വകുപ്പുകളോടൊപ്പം രജിസ്ട്രേഷൻ വകുപ്പും ആവശ്യമായ പരിഷ്കരണം നടപ്പാക്കി.
സംരഭങ്ങൾക്ക് മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകി, ആധാര രജിസ്ട്രേഷൻ തിയ്യതിയും സമയവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സൗകര്യം, ജില്ലയിലെ ആധാരം ജില്ലക്കകത്ത് ഏത് സബ്ബ് രജിസ്ട്രാറാഫീസിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, ആധാര പകർപ്പുകളും ബാധ്യതാ സർട്ടിഫിക്കറ്റുകളും ഓൺലൈൻ ആയി ലഭ്യമാക്കുന്നതിനുള്ള സൗകര്യം, മുദ്രപത്രങ്ങൾക്ക് ഈ-സ്റ്റാമ്പിംഗ്, സേവനങ്ങൾക്ക് ഇ-പേയ്മെന്റ് സംവിധാനം, പോക്കുവരവ് നടപടികൾക്കുള്ള വിവരങ്ങൾ വില്ലേജ് ഓഫീസുകളിൽ ഓൺലൈനായി ലഭ്യമാക്കൽ തുടങ്ങിയവ നടപ്പാക്കി.
മന്ത്രി പി, രാജീവ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശ൯ മുഖ്യാതിഥിയായി. ഹൈബി ഈഡ൯ എംപി, എംഎൽഎമാരായ ടി.ജെ. വിനോദ്, അ൯വ൪ സാദത്ത്, കെ. ബാബു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അനിൽ കാഞ്ഞിലി, ടി.പി. അബ്ദുൾ അസീസ്, ജോ൪ജ് ഇടപ്പരത്തി, എ൯.എ. മുഹമ്മദ് നജീബ്, സംഘടനാ പ്രതിനിധികളായ കെ.ജി. ഇന്ദുകലാധര൯, ഡിനി പ്രകാശ്, രജിസ്ട്രേഷ൯ ഇ൯സ്പെക്ട൪ ജനറൽ ശ്രീധന്യ സുരേഷ്, രജിസ്ട്രേഷ൯ ജോയിന്റ് ഇ൯സ്പെക്ട൪ ജനറൽ പി.കെ. സാജ൯ കുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
- Log in to post comments