Skip to main content
ചിറക്കൽ പഞ്ചായത്ത് അതി ദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം രജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കുന്നു

ചിറക്കൽ ഇനി അതിദരിദ്രരില്ലാത്ത പഞ്ചായത്ത്

ചിറക്കൽ ഇനി അതിദരിദ്രരില്ലാത്ത പഞ്ചായത്ത്

സംസ്ഥാനമൊട്ടാകെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിക്കുന്നതിനുള്ള സ്വപ്നപദ്ധതി പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ചിറക്കൽ ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കുകയാണ് സർക്കാരിന്റെ മുഖമുദ്ര. എല്ലാ പദ്ധതികളും വിജയിക്കുന്നതിന്  ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതി ദരിദ്രരില്ലാത്ത പഞ്ചായത്ത് എന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിലും അയൽക്കൂട്ടങ്ങളിലും ചർച്ചകൾ നടത്തുകയും അതിദരിദ്രരെ കണ്ടെത്തുന്നതിന് വോളണ്ടിയർമാരെ നിയോഗിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉദ്യോഗസ്ഥതലത്തിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് സഹായം ആവശ്യമുള്ള 41 അതിദരിദ്രരെ കണ്ടെത്തിയത്. ഇവരുടെ പ്രശ്നങ്ങൾ പഠിച്ച്, വീടില്ലാത്തവർക്ക്  വീട്, റേഷൻ കാർഡുകൾ, ആധാർ കാർഡുകൾ, വരുമാന മാർഗം, ചികിത്സാ സഹായം എന്നിവ ലഭ്യമാക്കുക വഴിയാണ് ഇവരെ അതിദാരിദ്ര്യത്തിൽ നിന്ന് വിമുക്തമാക്കിയത്.

കെ.വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി സതീശൻ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി രമേഷ് ബാബു, എൻ ശശീന്ദ്രൻ, പി.വി സീമ, ടി.കെ മോളി, കെ വത്സല, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി വിനോദ് കുമാർ, സെക്രട്ടറി പി.വി രതീഷ് രതീഷ് കുമാർ, അസി. സെക്രട്ടറി വി.എ ജോർജ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
 

date