Skip to main content

നടത്തറ ഗ്രാമപഞ്ചായത്ത് മണലി സബ് വാട്ടർഷെഡ് പ്രവർത്തനോദ്ഘാടനം

സംസ്ഥാന തണ്ണീർത്തട സംരക്ഷണ അതോറിറ്റി (SWAK) ൽ ഉൾപ്പെടുത്തി മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരം നടപ്പാകുന്ന മണലി സബ് വാട്ടർഷെഡ് പ്രവർത്തനോദ്ഘാടനം നടത്തറ ഗ്രാമപഞ്ചായത്തിൽ നടന്നു. റവന്യൂ  ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഫല-വൃക്ഷ തൈകൾ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.  മണലി പുഴ പ്രദേശത്തെ പ്രധാനപ്പെട്ട ജലസ്രോതസ്സാണെന്നും മണലി പുഴയെ പൂർണമായും പ്രയോജനപ്പെടുത്തി കാർഷിക മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതികൾ ഉണ്ടാക്കാനും മണ്ണിനെ സംരക്ഷിക്കാനും അടിസ്ഥാനപരമായ നിരവധി പ്രവർത്തനങ്ങളിലേക്ക് കടക്കുക എന്നതാണ് പ്രധാന കാര്യമെന്ന് മന്ത്രി പറഞ്ഞു.

തണ്ണീർത്തട സംരക്ഷണ അതോറിറ്റി (SWAK) യിൽ ഉൾപ്പെടുത്തി മണ്ണ് പരിയവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തരം ജില്ലയിലെ നടത്തറ, പുത്തൂർ, പാണഞ്ചേരി ഗ്രാമപഞ്ചായത്തുകളിലായി മണലി പുഴ ഉപനീർത്തടത്തിലെ 12  സൂക്ഷ്മ നീർത്തടങ്ങൾ ഉൾപ്പെടുന്ന 6154 ഹെക്ടർ സ്ഥലത്ത് 6.63 കോടി അടങ്കൽ തുകയായി കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കിയതായി മന്ത്രി കൂട്ടി ചേർത്തു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ രവി മുഖ്യാതിഥിയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു..

വടക്കാഞ്ചേരി മണ്ണ് സംരക്ഷണ ഓഫീസർ വി. ജയകുമാർ പദ്ധതി വിശദീകരിച്ചു.

 വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ . എൻ സീതാലക്ഷ്മി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ അമൽറാം, പഞ്ചായത്തംഗങ്ങളായ ടി.പി മാധവൻ, ജിനിത സുഭാഷ്, ബിന്ദു സുരേഷ്, എം. എസ് അശോക് കുമാർ, കെ. ജെ ജയൻ, കൃഷി ഓഫീസർ അനില, തുടങ്ങിയവർ പങ്കെടുത്തു. നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ആർ രജിത്ത് സ്വാഗതവും വടക്കാഞ്ചേരി മണ്ണ് സംരക്ഷണ ഓഫീസ് ഓവർസിയർ പി. ജെ ജോസഫ് ഷൈൻ നന്ദിയും പറഞ്ഞു.

date