ക്ഷയരോഗ നിർമ്മാർജനം നമ്മുടെ ഉത്തരവാദിത്വം: മനോജ് മൂത്തേടൻ
ദേശീയ ക്ഷയരോഗ നിർമ്മാർജന പരിപാടി സംഘടിപ്പിച്ചു
ക്ഷയരോഗ നിർമ്മാർജനം പരിപൂർണ തലത്തിലേക്ക് എത്തിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഇതിനായി ശക്തമായ പ്രവർത്തനങ്ങൾ വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ.
ദേശീയ ക്ഷയരോഗ നിർമ്മാർജന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഓരോരുത്തരും പകർച്ചാവ്യാധികൾ പടരുന്നത് തടയാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാർ ഉൾപ്പെടെ സമൂഹത്തിൽ എല്ലാവരിലും ക്ഷയരോഗത്തെ സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടിയിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള അധ്യക്ഷയായി.
കാലടി, അശമന്നൂർ, കീഴ്മാട്, ചേന്ദമംഗലം, രാമമംഗലം ഗ്രാമ പഞ്ചായത്തുകളെ ക്ഷയരോഗ മുക്ത പഞ്ചായത്തുകളായി പ്രഖ്യാപിച്ചു.
നിക്ഷയ് മിത്ര പദ്ധതിയുടെ ഭാഗമായി ക്ഷയരോഗബാധിതർക്ക് സാമൂഹിക പിന്തുണയും, അധിക പോഷകവും ഉറപ്പാക്കുന്ന ദാതാക്കളെ ആദരിച്ചു.തുടർന്ന് പ്രമുഖ മാന്ത്രികനായ ശരവണൻ പാലക്കാടിൻ്റെ മാജിക് ഷോയും പാവനാടകവും നടന്നു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ പി.എസ് ശിവപ്രസാദ്, തൃക്കാക്കര നഗരസഭ കൗൺസിലർ ഉണ്ണി കാക്കനാട്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സവിത, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എം.എസ് രശ്മി, മീഡിയ ഓഫീസർ സി.എം ശ്രീജ, ഡെപ്യൂട്ടി മീഡിയ ഓഫീസർ കെ.പി ജോബി, കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ശശി, മധുപീറ്റർ തുടങ്ങിയവർ പങ്കെടുത്തു.
ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് വിപുലമായ ക്ഷയരോഗ നിർമ്മാർജന പരിപാടികൾക്കാണ് എറണാകുളം ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും നേതൃത്വം നൽകിയത്.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, എറണാകുളം, ജില്ലാ ടി.ബി സെൻ്റർ, തൃക്കാക്കര ' നഗരസഭ, കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുമായി സഹകരിച്ചായിരുന്നു ദിനാചരണം സംഘടിപ്പിച്ചത്.
- Log in to post comments