Skip to main content

സ്‌കൂളുകളില്‍ ബുധനാഴ്ച ജാഗ്രതാദിനം ആചരിക്കും

വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനും കുട്ടികള്‍ക്കിടയിലെ അക്രമവാസനയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും  ചെറുക്കുന്നതിനുമായി മാര്‍ച്ച് 26 ബുധനാഴ്ച ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ജാഗ്രതാദിനം ആചരിക്കും. ജാഗ്രതാ യോഗങ്ങള്‍, സിഗ്നേച്ചര്‍ ക്യാമ്പയിന്‍, പ്രതിജ്ഞ ചൊല്ലല്‍, പോസ്റ്റര്‍ പ്രദര്‍ശനം, കൃതജ്ഞത മരം തുടങ്ങിയ പരിപാടികള്‍ അന്നേദിവസം സ്‌കൂളുകളില്‍ ആവിഷ്‌ക്കരിക്കും. തദ്ദേശസ്ഥാപന പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സാമൂഹിക- സാംസ്‌കാരിക-രാഷ്ട്രീയ- യുവജന- വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജാഗ്രതാ സമിതി സ്‌കൂളുകളില്‍ രൂപീകരിക്കും. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം സ്‌കൂളുകളില്‍ ഉറപ്പ് വരുത്തും. സ്‌കൂള്‍ ജാഗ്രതാദിനം ജനകീയ ക്യാമ്പയിന്റെ തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസം, സാമൂഹ്യ നീതി, തദ്ദേശസ്വയംഭരണം, പോലീസ്, എക്സൈസ്, തുടങ്ങിയ വകുപ്പുകള്‍ നടത്തുന്ന വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കും. സ്‌കൂള്‍ തലത്തിലുള്ള സ്റ്റുഡന്റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) ശക്തിപ്പെടുത്തും. കൃത്യമായ ഇടവേളകളില്‍ എസ് പി ജി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് എല്ലാ മാസവും ജില്ലാതലത്തിലുള്ള നാര്‍കോ കോര്‍ഡിനേഷന്‍ സെന്റര്‍ മീറ്റിങ്ങില്‍ അവലോകനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നിലവിലുള്ള പഞ്ചായത്ത് എജുക്കേഷന്‍ കമ്മിറ്റിയെ ശക്തിപ്പെടുത്തും. വിദ്യാലയങ്ങളിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. വേനല്‍ അവധിക്കായി സ്‌കൂള്‍ അടയ്ക്കുന്ന മാര്‍ച്ച് 29 നും സ്‌കൂളുകളില്‍ ജാഗ്രതാ ദിനം ആചരിക്കും.

date