Skip to main content

അമിത ലാഭ വാഗ്ദാനത്തില്‍ ചെന്ന് വീഴരുത് സൈബര്‍ ലോകത്തിലെ സാമ്പത്തിക തട്ടിപ്പുകള്‍- സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി ബോധവല്‍ക്കരണം സംഘടിപ്പിച്ചു

 

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബാങ്ക് അക്കൗണ്ട് ഉടമകളെ ബോധവത്കരിക്കാന്‍ സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എസ്.ബി.ഐ സിവില്‍സ്റ്റേഷന്‍ ശാഖയും ചേര്‍ന്ന് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ മാറ്റത്തിനുസരിച്ച് തട്ടിപ്പിന്റെ രീതിയിലും മാറ്റങ്ങള്‍ വന്നെന്നും വിദ്യാസമ്പന്നരായ പലരും തട്ടിപ്പിനിരയാകുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങളില്‍ കൃത്യമായ ബോധവത്കരണം നല്‍കുക അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

 2020 -24 കാലഘട്ടത്തിനിടയില്‍ 5,82,000 സൈബര്‍ തട്ടിപ്പ് കേസുകളിലായി 3207 കോടി രൂപയാണ് കേരളത്തിന് നഷ്ടമായത്. പ്രതിമാസം 15 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം തട്ടിപ്പുകാര്‍ വിവിധ തട്ടിപ്പിലൂടെ കൈക്കലാക്കുന്നത്. നിക്ഷേപങ്ങളുള്ള ബാങ്ക്  അക്കൗണ്ടിനു വേണ്ടി രൂപപ്പെടുത്തിയ ഇമെയില്‍ വിലാസം കൈമാറരുതെന്ന് ബോധവല്‍ക്കരണ ക്ലാസില്‍ പ്രതിപാദിച്ചു.അമിത ലാഭ വാഗ്ദാനത്തില്‍ ചെന്ന് വീഴരുത് ,സെബി (SEBI) അംഗീകൃത ആപ്പുകള്‍ വഴി നിക്ഷേപിക്കണം. നിയമ വിധേയ ബ്രോക്കറേജ് സ്ഥാപനങ്ങള്‍, സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസില്‍ നിന്നുള്ള മെസേജുകള്‍ ഉറപ്പാക്കണം, ഒരിക്കലും പണമോ അക്കൗണ്ട് വിവരങ്ങളോ ഒടിപിയോ കൈമാറരുത്, അജ്ഞാത ഫോണ്‍ നമ്പറില്‍ നിന്നുള്ള വീഡിയോ കോള്‍ അറ്റന്റ് ചെയ്യാതിരിക്കുക, ഓണ്‍ലൈനില്‍ അപരിചിതരെ സൂക്ഷിക്കുക, ഡിജിറ്റല്‍ അറസ്റ്റ് എന്ന സംവിധാനം ഇല്ല, എന്നിങ്ങനെയുള്ള അറിവുകളില്‍ നമ്മള്‍ ബോധവാന്മാരാകണമെന്നും ബോധവല്‍ക്കരണ ക്ലാസില്‍ വ്യക്തമാക്കി.

ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസറുമായ പി. അനില്‍കുമാറാണ് ക്ലാസിന് നേതൃത്വം നല്‍കിയത്.

ഇന്‍വെസ്റ്റ്മെന്റ്/ട്രേഡിങ് തട്ടിപ്പ്, ഡിജിറ്റല്‍ അറസ്റ്റ്, ലോട്ടറി/ വ്യാജ സമ്മാനം, ലോണ്‍ആപ്പ്, ഡെബ്റ്റ്/ക്രെഡിറ്റ് കാര്‍ഡ്/കെ വൈ സി കാലാഹരണം/ പുതുക്കല്‍, വ്യാജ കസ്റ്റമര്‍ സപ്പോര്‍ട്ട്, പ്രണയതട്ടിപ്പ്, തൊഴില്‍ വാഗ്ദാന തട്ടിപ്പ്, വ്യാജ ഇ കൊമേഴ്സ് സൈറ്റ്, റിമോട്ട് ആക്സസ് ആപ്പ്, ഓണ്‍ലൈന്‍ ടാക്സ് തട്ടിപ്പ്, സൈനികന്‍ ചമഞ്ഞ് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്, വ്യാജ പ്രൊഫൈല്‍, കേസില്‍ നിന്നും രക്ഷിക്കാന്‍ പണം, ബാങ്ക് അക്കൗണ്ടും പോക്കറ്റ് മണിയും തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ എന്തു ചെയ്യണം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി അവതരിപ്പിച്ചു. നിരവധി ആളുകള്‍ സൈബര്‍ കെണികളില്‍ അകപ്പെടുന്ന സാഹചര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ.മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, എസ്.ബി.ഐ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് മാനേജര്‍ കെ.എ അനില്‍കുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

എന്താണ് യുപിഐ തട്ടിപ്പ് ?

 

വ്യാജ വെബ്സൈറ്റുകളില്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവായി തങ്ങളുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തിക്കൊണ്ടാണ് യുപിഐ തട്ടിപ്പു നടത്തുന്നത്. ഈ നമ്പറില്‍ വിളിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍ തട്ടിപ്പിനിരയാകുകയും ചെയ്യുന്നു.

 

തട്ടിപ്പുകാരന്‍ ഇരയോട് തന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് തട്ടിപ്പുകാരന്‍ നല്‍കിയ മറ്റൊരു മൊബൈല്‍ നമ്പറിലേക്ക് സന്ദേശം അയയ്ക്കാന്‍ ആവശ്യപ്പെടുന്നു, തുടര്‍ന്ന് റീഫണ്ട് പ്രക്രിയ ആരംഭിക്കാന്‍ അവകാശവാദമുന്നയിച്ച് ഇരയുടെ മൊബൈലില്‍ ലഭിച്ച ഒടിപി  ആവശ്യപ്പെടുന്നു, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ അത് മൊബൈല്‍ പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (MPIN) സജ്ജീകരിക്കാന്‍ ഉപയോഗിക്കുന്നു.

 

പ്രതിവിധി

 

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറും  ഇമെയില്‍ വിലാസവും കൈമാറാതിരിക്കുക

 

 

date