Skip to main content
ആഘോഷിക്കാം അവധിക്കാലം കുട്ടികളുടെ പാര്‍ക്ക് ഒരുക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത്

ആഘോഷിക്കാം അവധിക്കാലം കുട്ടികളുടെ പാര്‍ക്ക് ഒരുക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത്

വേനലവധി ആഘോഷിക്കാന്‍ സജ്ജീകരണം ഒരുക്കി പന്തളം ബ്ലോക്ക് പഞ്ചായത്തിലെ കുട്ടികളുടെ പാര്‍ക്ക്. കളിച്ചുരസിക്കാന്‍ വിവിധ കളി ഉപകരണങ്ങള്‍ ഇവിടെയുണ്ട്. ബ്ലോക്ക് പഞ്ചായത്ത്  അങ്കണത്തിലാണ് പാര്‍ക്ക്.
ദിവസവും വൈകിട്ട് 3.30 മുതല്‍ 6.30 വരെയാണ് പ്രവര്‍ത്തനം. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്റെ നേതൃത്വത്തിലാണ് പാര്‍ക്ക് സാക്ഷാത്കരിച്ചത്. ബ്ലോക്ക് കാര്യാലയത്തിന്റെ മുന്നില്‍ ഉപയോഗശൂന്യമായി കിടന്ന സ്ഥലം വൃത്തിയാക്കിയാണ് പാര്‍ക്ക് ഒരുക്കിയത്. മതിലിലെ  ചിത്രങ്ങളുടെ ദൃശ്യഭംഗി പാര്‍ക്കിന്റെ മാറ്റ് കൂട്ടുന്നു. സീസോ, ഊഞ്ഞാല്‍, സ്ലൈഡുകള്‍ തുടങ്ങി കുട്ടികള്‍ക്ക് ഓടി കളിക്കാനുള്ള സ്ഥലവുമുണ്ട്.
12 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പാര്‍ക്കില്‍ ഇരിക്കാനുളള സൗകര്യം, ശൗചാലയം, സി സി ടി വി എന്നിവ ക്രമീകരിച്ചിരിക്കുന്നു. ഭിന്നശേഷി സൗഹൃദമാണ് പാര്‍ക്ക്. സമീപത്തെ അങ്കണവാടി, സ്‌കൂളുകളില്‍  നിന്നും നിരവധി കുട്ടികള്‍ പാര്‍ക്കിലെത്തുന്നു. മുതിര്‍ന്നവര്‍ക്കും വിശ്രമിക്കാന്‍ സൗകര്യമുണ്ട്. കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക, വൈകാരിക സാമൂഹിക വികസനത്തിന് ഇത്തരത്തിലുള്ള കളിസ്ഥലങ്ങള്‍  വലിയ പങ്കു വഹിക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ്മോന്‍ പറഞ്ഞു. പാര്‍ക്കിനടുത്തായി കുടുംബശ്രീയുമായി ചേര്‍ന്ന്  കിയോസ്‌ക് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ബ്ലോക്ക് പഞ്ചായത്തിനെ ശിശു -ഭിന്നശേഷി -വയോജന സൗഹൃദമാക്കുന്നതിന് ഒരോ സാമ്പത്തിക വര്‍ഷവും നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

 

date