Skip to main content

തരിശുരഹിത പദ്ധതി ഒരുക്കി ശ്രീനാരായണപുരം പഞ്ചായത്ത്

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ തരിശുഭൂമികളില്‍ ഇനി വിത്ത് വിളയും. പച്ച പിടിക്കാന്‍ തരിശുരഹിത പഞ്ചായത്ത് എന്ന പദ്ധതിക്ക് തുടക്കമായി. ഹരിതകേരളമിഷനും ബയോഡൈവേര്‍സിറ്റി ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തിലെ 21 വാര്‍ഡുകളിലെ തരിശു ഭൂമി കണ്ടെത്തും. അവയില്‍ കൃഷിക്ക് അനുയോജ്യമായ ഭൂമികളില്‍ വ്യക്തിഗത അടിസ്ഥാനത്തിലും ഗ്രൂപ്പ് അടിസ്ഥാനത്തിലും കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമടുന്നത്. കൂടാതെ ആരാധനാലയങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ ഫല വൃക്ഷത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കും.  

പച്ചക്കറി, തെങ്ങ്, കവുങ്ങ്, ജാതി, വാഴ ഔഷധസസ്യകൃഷി, കിഴങ്ങുവര്‍ഗ കൃഷി, പേര, കുടംപുളി തുടങ്ങിയ വിവിധ ഇനം കൃഷികള്‍ നടപ്പാക്കും. നാടന്‍ മാവുകളുടെ വിത്തുകള്‍ ശേഖരിച്ച് നഴ്സറികളിലൂടെ തൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തും.

കനോലി കനാലും കടല്‍ത്തീരവും സംയോജിച്ച് കിടക്കുന്ന പ്രദേശമായതിനാല്‍ ഉപ്പ് വെള്ളത്തിന്റെ തോത് വളരെ കൂടുതലാണെന്ന് എസ്.എന്‍ പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ പറഞ്ഞു. അതിനാല്‍ കാര്‍ഷിക മേഖലയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയുന്നു. ഇത്, പഞ്ചായത്തില്‍ പല ഭൂമികളും തരിശ്ശായി കിടക്കുന്നതിന് കാരണമാകുന്നു. ഇത്തരം ഭൂമി കണ്ടെത്തി കാര്യക്ഷമമായി ഉപയോഗിക്കാന്‍ പദ്ധതി സഹായകമാകുമെന്നും പദ്ധതിയുടെ ആരംഭമെന്ന നിലയില്‍ തരിശുരഹിത പഞ്ചായത്ത് സംഘാടക സമിതി ഇതിനോടകം രൂപീകരിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പൈതൃക നാട്ടുമാവ് വ്യാപനത്തിന്റെ ഭാഗമായി മാംഗോ ഫെസ്റ്റ് നടത്തും. ഉള്‍നാടന്‍ കുളങ്ങള്‍ വൃത്തിയാക്കി വംശനാശഭീഷണി നേരിടുന്ന മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തി ജലസംരക്ഷണത്തിനും മത്സ്യകൃഷിക്കും ഊന്നല്‍ നല്‍കും. ക്ഷീര വികസന ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കി പാല്‍ ഉല്‍പ്പാദന രംഗത്ത് മുന്നേറ്റമുണ്ടാക്കും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, കര്‍ഷക സംഘടനകള്‍, വിദ്യാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍, ജെ.എല്‍.ജി ഗ്രൂപ്പുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കും അതിലൂടെ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനായി ജൈവവൈവിധ്യ പരിപാലനത്തിലൂടെ കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം കൈവരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

date