ഏറനാട് താലൂക്കിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്: അനുമോദന സംഗമം സംഘടിപ്പിച്ചു
ഏറനാട് താലൂക്കിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഭാഗമായി ജീവനക്കാർക്ക് അനുമോദനവും 2024-25 വർഷത്തെ മികച്ച റവന്യൂ ഉദ്യോഗസ്ഥർക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു. ഏറനാട് താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ കലക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ ത്രിപാദി അധ്യക്ഷത വഹിച്ചു. ആർ ആർ ഡെപ്യൂട്ടി തഹസിൽദാർ എസ്.ആർ റെജി രൂപകൽപ്പന ചെയ്ത വെബ്സൈറ്റും പരിപാടിയിൽ പ്രദർശിപ്പിച്ചു. 2024-25 വർഷത്തിൽ താലൂക്ക് തലത്തിൽ മികച്ച റവന്യൂ ഉദ്യോഗസ്ഥർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പയ്യനാട്, ചെമ്പ്രശ്ശേരി, തൃക്കലങ്ങോട്, കാരക്കുന്ന് എന്നീ പഞ്ചായത്തുകൾക്ക് സ്പോൺസർഷിപ്പിലൂടെ നാല് ഡെസ്ക്ടോപ്പുകളും വിതരണം ചെയ്തു.കേരളത്തിൽ ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടുന്ന താലൂക്ക് ഓഫീസ് കൂടിയാണ് ഏറനാട് താലൂക്ക് ഓഫീസ്. ജനകീയ പ്രവർത്തനങ്ങളിലൂടെയും സുതാര്യമായ ഭരണ നിർവഹണത്തിലൂടെയും ജീവനക്കാർക്കും പൊതുജനങ്ങൾക്കും നൽകിയ വിവിധ സേവനങ്ങളുടെ ഗുണമേന്മയ്ക്കാണ് ഐഎസ്ഒ സർട്ടിഫിക്കേഷൻ. ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ വിവിധ സബ് ടീമുകൾ രൂപീകരിച്ച് കൃത്യമായ ഉത്തരവാദിത്തങ്ങൾ നൽകിയാണ് ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നിബന്ധനകൾക്ക് വിധേയമായി മൂന്നു വർഷത്തേക്കാണ് ഐഎസ്എസ് സർട്ടിഫിക്കേഷൻ. ഓരോ വർഷവും ഓഡിറ്റുണ്ടാകും.മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ വി.എം സുബൈദ, മുനിസിപ്പൽ കൗൺസിലർ അഡ്വ. പ്രേമ, എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ ജെ.ഒ അരുൺ, അൻവർ സാദത്ത്, തഹസിൽദാർ എം.മുകുന്ദൻ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം അബ്ദുൽ അസീസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments