കുടുംബശ്രീ വാര്‍ഷിക പദ്ധതികളുടെ അവതരണം
2025-26 സാമ്പത്തിക വര്‍ഷത്തെ കുടുംബശ്രീ വാര്‍ഷിക കര്‍മ പദ്ധതികളുടെ അവതരണം കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന തലത്തില്‍ ഏറ്റവും മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എ ഡി എസ് ഓഫീസുകള്‍ തുടങ്ങുക, നിലവിലുള്ള സി ഡി എസ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ഐ എസ് ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുക, വയോജന, ഭിന്നശേഷി, ട്രാന്‍സ് ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളുടെ വിപുലീകരണം, ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനായി സാമ്പത്തിക സഹായങ്ങള്‍ നല്‍കുക, ഓക്സിലറി ഗ്രൂപ്പുകളുടെ വിപുലീകരണത്തിന്റെ ഭാഗമായി പുതുതലമുറയെ പഠനത്തോടൊപ്പം ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനും നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രാപ്തരാക്കാനായി കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ ആരംഭിക്കുക, എല്ലാ സി ഡി എസുകളില്‍ നിന്നും സന്നദ്ധം എന്ന പേരില്‍ ദുരന്ത നിവാരണ സേനകള്‍ രൂപീകരിക്കുക, ആറളം സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായി മേഖലയില്‍ കൂടുതല്‍ പഠനം നടത്തി തദ്ദേശ വാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, സംരംഭക മേഖലയില്‍ അവരെ ഉയര്‍ത്തികൊണ്ടുവരാനുമുള്ള ഇടപെടലുകള്‍ നടത്തുക, കൂടുതല്‍ കേരള ചിക്കന്‍ ഫാമുകളും ഔട്ട്ലെറ്റുകളും ആരംഭിക്കുക, ഹരിത കര്‍മ സേനയെ സംരംഭക മേഖലയില്‍ ഉയര്‍ത്തുക, ഒരു വീട്ടില്‍ ഒരു സംരംഭം പദ്ധതി തുടങ്ങുക എന്നിവ സംബന്ധിച്ച് വാര്‍ഷിക പദ്ധതി അവതരണത്തില്‍ തീരുമാനമായി. വാര്‍ഷിക കര്‍മ പദ്ധതികളുടെ അവതരണം ഏപ്രില്‍ പത്തിന് സമാപിക്കും. തളിപ്പറമ്പ് മൊട്ടമ്മല്‍ മാളില്‍ നടക്കുന്ന പരിപാടിയുടെ ആദ്യ ദിനത്തില്‍ കണ്ണൂര്‍, എടക്കാട്, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, ഇരിട്ടി സി ഡി എസുകളിലെ ചെയര്‍ പേര്‍സണ്‍മാര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, പയ്യന്നൂര്‍, മാടായി, എഴോം, ചെറുകുന്ന് സി ഡി എസിലെ അക്കൗണ്ടന്റുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments