മണിമല നാളികേര പാർക്ക് വ്യവസായങ്ങൾക്കായി ഒരുങ്ങുന്നു
2025-ൽ തുറന്ന് നൽകാമെന്ന് പ്രതീക്ഷ - കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം എൽ എ
കുറ്റ്യാടി മണ്ഡലത്തിലെ മണിമല നാളികേര പാർക്ക് വ്യവസായങ്ങൾക്കായി ഒരുങ്ങുന്നു. ഒന്നാംഘട്ട പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നതെന്ന് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു.
ആദ്യഘട്ട പ്രവർത്തിയുടെ ഭാഗമായി 16.20 ലക്ഷം രൂപയുടെ ട്രാൻസ്ഫോർമർ കെഎസ്ഇബി സ്ഥാപിച്ചിട്ടുണ്ട്. 226 മീറ്റർ നീളത്തിലുള്ള റോഡ് നിർമാണം, ഭൂമി ഉപയോഗയോഗ്യമാക്കുന്നതു സംബന്ധിച്ച പ്രവർത്തികൾ എന്നിവയാണ് നിലവിൽ പുരോഗമിക്കുന്നത്.
ഭൂമി ഉപയോഗയോഗ്യമാക്കുന്ന പ്രവർത്തിയുടെ ഒന്നാം ഘട്ടത്തിന് ഒരു കോടി രൂപയാണ് വകയിരുത്തിയത്. അതിരുകളിലുള്ള ചുറ്റുമതിൽ നിർമ്മാണം ഭൂരിഭാഗവും പൂർത്തീകരിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല.
ചുറ്റുമതിൽ, പ്രവേശന കവാടം, വാച്ച്മാൻ ക്യാബിൻ തുടങ്ങിയവയുടെ പ്രവർത്തികൾക്ക് ഈ സാമ്പത്തിക വർഷം 2.87 കോടി രൂപയാണ് അനുവദിച്ചത്. 2025 ൽ തന്നെ മണിമല നാളികേര പാർക്ക് വ്യവസായങ്ങൾക്ക് തുറന്ന് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും എം എൽ എ പറഞ്ഞു.
- Log in to post comments