Skip to main content

വിഷു - ഈസ്റ്റർ സഹകരണ വിപണി ഏപ്രിൽ 12 മുതൽ 21 വരെ

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ തിരുവനന്തപുരത്ത് നിർവഹിക്കും 

 

 

 സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന വിഷു- ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11ന് തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാവും.

 

 ഏപ്രിൽ 12 മുതൽ 21 വരെയാണ് വിഷു- ഈസ്റ്റർ സബ്സിഡി വിപണി സജ്ജീകരിച്ചിരിക്കുന്നത്. കൺസ്യൂമർഫെഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ത്രിവേണി സൂപ്പർമാർക്കറ്റുകൾ 14 ജില്ലാ കേന്ദ്രങ്ങൾ ഉൾപ്പെടെ 170 വിപണന കേന്ദ്രങ്ങളാണ് ഉണ്ടായിരിക്കുക. സംസ്ഥാന ചന്തയിൽ 300 ഉപഭോക്താക്കൾക്കും ജില്ലാതല ചന്തകളിൽ 150 ഉപഭോക്താക്കൾക്കും മറ്റു ചന്തകളിൽ 75 ഉപഭോക്താക്കൾക്കുമാണ് പ്രതിദിനം സാധനങ്ങൾ വിതരണം ചെയ്യുന്നത്.

 

 ആന്ധ്ര അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭ്യമാകുന്നത്. സബ്സിഡി ഇനങ്ങൾക്ക് പുറമേ ത്രിവേണി തേയില, ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടികൾ, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവ ഉൾപ്പെടെ മറ്റ് ആവശ്യസാധനങ്ങളും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും. 

 

സബ്സിഡി ഇനങ്ങൾ പൊതു മാർക്കറ്റിനേക്കാൾ ഏകദേശം 40 ശതമാനം വരെ വില കിഴിവിലാണ് ജനങ്ങൾക്ക് ലഭ്യമാകുന്നത്. മറ്റ് ആവശ്യ നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 35 ശതമാനം വരെ വിലക്കുറവിലും ലഭ്യമാക്കും. പൊതു വിപണിയിൽ ഏകദേശം 1605 രൂപയിൽ അധികം വില വരുന്ന ഉൽപ്പന്നങ്ങൾ 1136 രൂപയ്ക്കാണ് സബ്സിഡി വിപണികൾ വഴി കൺസ്യൂമർഫെഡ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.

 

 വിഷു - ഈസ്റ്റർ വിപണിയിൽ കൺസ്യൂമർഫെഡ് 17 കോടി രൂപയുടെ സബ്സിഡി ഇനങ്ങളുടെ വില്പനയും 33 കോടി രൂപയുടെ നോൺ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയും ഉൾപ്പെടെ 50 കോടി രൂപയുടെ വില്പനയാണ് ലക്ഷ്യമിടുന്നത്. കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന അംഗീകൃത ഏജൻസിയായ സി ഇ പി സി ഐ ലബോറട്ടറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂറ്റിനെയാണ്

ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന സാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിനായി ചുമതലപെടുത്തിയിരിക്കുന്നത്. 

 

 വിഷു-ഈസ്റ്റർ വിപണിയിൽ ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുമുള്ള ശക്തമായ വിപണി ഇടപെടലാണ് സഹകരണ വകുപ്പ് കൺസ്യൂമർഫെഡ് മുഖേന നടപ്പിലാക്കി വരുന്നതെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ പി എം ഇസ്മയിൽ എറണാകുളം പ്രസ്സ് ക്ലബ്‌ ഹാളിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു.

date