Skip to main content

പണം ഈടാക്കിയിട്ട് മൊബൈൽ ഫോൺ തകരാർ പരിഹരിച്ച് നൽകിയില്ല, 21,700 രൂപ നഷ്ടപരിഹാരത്തിന് ഉത്തരവ്

സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ റിപ്പയറിങ് സ്ഥാപനം, ഫോൺ തകരാർ പരിഹരിച്ച് നൽകുന്നത് കൂടാതെ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നൽകണമെന്ന് 

എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

 

എറണാകുളം അമ്പലമുകൾ സ്വദേശി കുര്യാക്കോസ്, പെന്റ മേനകയിൽ പ്രവർത്തിക്കുന്ന 'സ്പീഡ് സർവീസസ് ആൻഡ് റിപ്പയറിംഗ്’ എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

 

2022 ഡിസംബറിൽ iPhone 12, iPhone 7 Plus എന്നീ രണ്ട് മൊബൈൽ ഫോണുകൾ ശരിയാക്കുന്നതിനായി പരാതിക്കാരൻ എതിർകക്ഷി സ്ഥാപനത്തിന് നൽകി. ഉപഭോക്താവ്, Google Pay വഴി ആകെ 13,700 രൂപയും നൽകി.

 

എന്നാൽ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും ഫോൺ ശരിയാക്കി നൽകാനോ തുക തിരികെ നൽകാനോ സ്ഥാപനം തയ്യാറായില്ല.

 

പരാതിക്കാരൻ സമർപ്പിച്ച ബാങ്ക് ട്രാൻസാക്ഷൻ രേഖകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാതാവിന്റെ ഡിസ്ചാർജ് സമ്മറിയും ഉൾപ്പെടെയുള്ള തെളിവുകൾ കമ്മീഷൻ പരിശോധിച്ചു. 

 

 30 ദിവസത്തിനകം ഫോൺ റിപ്പയർ ചെയ്ത് പരാതിക്കാരന് നൽകണം. അതിനു കഴിയുന്നില്ലെങ്കിൽ പരാതിക്കാരനോട് സർവീസ് ചാർജായി വാങ്ങിയ, ₹13,700 തിരികെ നൽകണം. കൂടാതെ,

പരാതിക്കാരൻ അനുഭവിച്ച മാനസിക ക്ലേശത്തിന് എതിർകക്ഷി 5,000/- രൂപയും കേസ് നടത്തിപ്പിൻ്റെ ചെലവിലേക്കായി 3,000/- രൂപയും 45 ദിവസത്തിനകം നൽകാൻ എതിർ കക്ഷിക്ക് ഉത്തരവ് നൽകി.

 

 സേവനത്തിനായി തുക സ്വീകരിച്ചതിനു ശേഷവും സേവനം നിരസിക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് ഡിബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ വിലയിരുത്തി.

 

പരാതിക്കാരന് വേണ്ടി അഡ്വ. ആർ. രാജ രാജ വർമ്മ കോടതിയിൽ ഹാജരായി.

date